തിരുവനന്തപുരം: റബ്ബറിന് തറവില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന കത്തോലിക്കാ സഭ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ഗ്രഹാം സ്‌റ്റെയിന്‍സിന്‍റെയും സ്‌റ്റാന്‍ സ്വാമിയുടെയും രക്തസാക്ഷിത്വം ഓര്‍മിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഗ്രഹാം സ്‌റ്റെയിനും ഫാദര്‍ സ്‌റ്റാന്‍ സ്വാമിയും ഉള്‍പ്പെടെയുള്ള അനേകം മിഷണറിമാരുടെ രക്തം നിലവിളിക്കുമ്പോള്‍ ബിജെപിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മദര്‍ തെരേസയുടെ ഭാരത രത്ന റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും നൂറുകണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തുകയും ബലമായി ഘര്‍ വാപസി നടപ്പാക്കുകയും ചെയ്‌ത സംഘപരിവാര്‍ ശക്തികളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
എങ്ങനെ മറക്കും ഇതെല്ലാം: 2021 ല്‍ മാത്രം ക്രൈസ്‌തവര്‍ക്കുനേരെ 500 ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചഡൊ സുപ്രീം കോടതിയില്‍ അറിയിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. ഇതില്‍ 288 എണ്ണം ആള്‍ക്കൂട്ട ആക്രമണങ്ങളാണെന്നും 1331 സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും സുധാകരന്‍ പറഞ്ഞു. ക്രിസ്ത്യന്‍ ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും വസ്‌തുവകകകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ സംരക്ഷണത്തിനാണ് സംഘപരിവാര്‍ ശക്തികള്‍ തീ കൊളുത്തിയതെന്നും അദ്ദേഹം രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.
കൊടിയ വഞ്ചനയ്‌ക്കിരയായ കര്‍ഷകര്‍ ഡല്‍ഹിയില്‍ രണ്ടാം കര്‍ഷക പോരാട്ടം നടത്തുമ്പോള്‍ കണ്ണിലെ കൃഷ്‌ണമണി പോലെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാര്‍ മൂന്ന് കോടി കര്‍ഷകരുടെ 73,000 കോടി രൂപ എഴുതിതള്ളി ചരിത്രം സൃഷ്‌ടിച്ചപ്പോള്‍ ബിജെപി ഭരിച്ച 2019-20 ല്‍ മാത്രം 10,881 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തിലാദ്യമായി റബ്ബറിന് 150 രൂപയുടെ വില സ്ഥിരത ഫണ്ട് ഏര്‍പ്പെടുത്തിയത്. അന്ന് റബ്ബറിന് 120 രൂപ മാത്രമായിരുന്നു വില. റബ്ബറിന് 250 രൂപ താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌ത് അധികാരമേറ്റ പിണറായി സര്‍ക്കാര്‍ വെറും 20 രൂപ വര്‍ധിപ്പിച്ചത് 2021 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്ക് ദ്രോഹിച്ച ചരിത്രം: കോടിക്കണക്കിന് രൂപ വില സ്ഥിരത ഫണ്ടില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് ഇനിയും നല്‍കാനുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടി ബിജെപി ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ല. റബ്ബര്‍ ഇറക്കുമതി കുത്തനെ കൂടുകയും വില ഇടിയുകയും ടയര്‍ ലോബി ലാഭം കൊയ്യുകയും ചെയ്‌തത് ബിജെപി ഭരണത്തിലാണെന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് റബ്ബര്‍ കൃഷി വ്യാപിപ്പിച്ചും റബ്ബര്‍ ബോര്‍ഡ് കേരളത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചും കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ദ്രോഹിച്ച ചരിത്രമേ ബിജെപിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിനെ വ്യാവസായികോത്പന്നം എന്ന നിലയില്‍ നിന്ന് കാര്‍ഷികോത്പന്നം എന്ന നിലയിലേക്ക് മാറ്റണമെന്ന കര്‍ഷകരുടെ മുറവിളിയും വൃഥാവിലായി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും നീര ഉത്പാദനത്തിന് അനുമതി നല്‍കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.