തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരായ ജനവിധി കൂടിയാകും പുതുപ്പള്ളിയിലേത് (Puthuppally Byelection എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ (KPCC President K Sudhakaran). ഇടത് മുന്നണിയുടെ പ്രകടന പത്രികയിലുള്ള റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്‌ദാനം പാലിച്ചാല്‍ മാത്രം റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും റബര്‍ വില കിലോയ്ക്ക് 300 രൂപയാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത ബിജെപിയുടെ പൊടിപോലും കാണാനില്ലെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വിലസ്ഥിരത ഫണ്ട് വരെ അട്ടിമറിച്ച് കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപം കൊടുത്ത റബര്‍ വിലസ്ഥിരത ഫണ്ട് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സുധാകരൻ കുറ്റപ്പെടുത്തി. 50 കോടി രൂപയില്‍ താഴെ മാത്രമാണ് റബര്‍ വിലസ്ഥിരത ഫണ്ടിലേക്ക് 2022-23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത്.
വര്‍ഷംതോറും ബജറ്റില്‍ കോടികള്‍ എഴുതി ചേര്‍ക്കുന്നതല്ലാതെ ഫലത്തില്‍ ഒരു പ്രയോജനവും കര്‍ഷകനില്ലെന്നും സംസ്ഥാനത്ത് 15 ലക്ഷത്തിലധികം റബര്‍ കര്‍ഷക കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരുകള്‍ കാട്ടുന്നത് ഗുരുതര അലംഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ വന്ന് മുഖ്യമന്ത്രി ആസിയന്‍ കരാറിനെക്കുറിച്ചൊക്കെ വാചാടോപം നടത്തിയത് ഇത് മറച്ചുവക്കാനാണ്. റബറിന്‍റെ നിയന്ത്രണം സമ്പൂര്‍ണമായി വാണിജ്യ മന്ത്രാലയത്തിന്‍റെ കൈകളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന 2023 റബര്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാന സർക്കാർ പ്രതിഷേധിക്കാന്‍ പോലും തയ്യാറാകാതെ കൈകെട്ടി നില്‍ക്കുകയാണ്.
സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് കുടപിടിക്കുകയാണ് കേരള കോണ്‍ഗ്രസ് എം. കര്‍ഷകരെ വര്‍ഗ ശത്രുക്കളായി കാണുന്നതാണ് കമ്യൂണിസ്‌റ്റ് സിദ്ധാന്തമെന്നും സുധാകരൻ കുറ്റപ്പെടുത്തി. റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരോട് എന്നും കരുണ നിറഞ്ഞ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
റബര്‍ വിലസ്ഥിരത ഫണ്ട് ഇക്കാര്യം അടിവരയിടുന്നു. നെല്‍ സംഭരിച്ചതിന്‍റെ പണം കിട്ടാതെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ഓണനാളില്‍ പട്ടിണി സമരത്തിലായിരുന്നുവെന്നും കെ സുധാകരൻ കൂട്ടിചേർത്തു.
അതേസമയം പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായില്ല (K Sudhakaran will not appear before ED). പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തെ കൂടാതെ ഇഡി ആവശ്യപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതിനാലുമാണ് സമയം അനുവദിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടത്.
അടുത്ത മാസം അഞ്ചാം തീയതിക്ക് ശേഷം ഏത് ദിവസവും ഹാജരാകാമെന്ന് സുധാകരൻ ഇഡിയെ അറിയിച്ചിട്ടിണ്ട്. കഴിഞ്ഞ 22-ാം തീയതി ഇതേ കേസിൽ ഒമ്പത് മണിക്കൂറോളം സമയമാണ് ഇഡി കെ സുധാകരനെ ചോദ്യം ചെയ്‌തത്. കഴിഞ്ഞ തവണ ഇഡിയുടെ ചോദ്യങ്ങൾക്കെല്ലാം സുഖകരമായ രീതിയിലുളള ഉത്തരങ്ങളാണ് നൽകിയതെന്നും ഇഡി സംതൃപ്‌തരാണെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു.