തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ഡി.സി.സി, ബ്ലോക്ക് പുനസംഘടനയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയര്‍ത്തുന്ന വെല്ലുവിളിക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.
സംഘടന തെരഞ്ഞെടുപ്പ് എ.ഐ.സി.സി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തി വയ്ക്കണം എന്ന ഇരുവരുടെയും ആവശ്യത്തിന്‍റെ മുനയൊടിച്ചു കൊണ്ടാണ് സുധാകരന്‍ രംഗത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പിന് സാധ്യതയില്ല. സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്താനാണ് സാധ്യത.
Also Read: ട്വന്‍റി-20 പ്രവർത്തകൻ ദീപുവിനെ കൊന്നത് സി.പി.എം പ്രവർത്തകർ: വി.ഡി സതീശന്‍
ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന പുന സംഘടനയുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. അതിന് ഹൈക്കമാന്‍ഡിന്‍റെ അനുമതിയുണ്ട്. പുതിയ കെ.പി.സി.സി നേതൃത്വം വരുമ്പോള്‍ പുതിയ കമ്മിറ്റികളും വരേണ്ടതാണ്. അതിനാല്‍ പുന സംഘടനയില്‍ നിന്ന് പിന്നോട്ടില്ല. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും. ഇതിനര്‍ത്ഥം താന്‍ സംഘടന തെരഞ്ഞെടുപ്പിന് എതിരാണെന്നല്ല.
തീരുമാനം എ.ഐ.സി.സിയുടേത്
കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അതിലൂടെ നേതൃസ്ഥാനത്തേക്കു വന്ന താന്‍ സംഘടന തെരഞ്ഞെടുപ്പിനു വേണ്ടിയാണ് നിലകൊള്ളുന്നത്. സംഘടന തെരഞ്ഞെടുപ്പുണ്ടായാല്‍ തങ്ങളൊക്കെ മത്സരരംഗത്തുണ്ടാകും. പക്ഷേ സംഘടന തെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് എ.ഐ.സി.സിയാണെന്നും സുധാകരന്‍ പറഞ്ഞു.