തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഫര്‍സീന്‍ മജീദ് എന്ന പേരാണ് പിണറായി വിജയന് പ്രശ്‌നമെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അലന്‍, താഹ എന്നീ രണ്ടു പേരുകളും പിണറായിക്ക് പ്രശ്‌നമായിരുന്നു.
ഇത് കേരളമാണ് യു.പി അല്ലെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെയുമാണ്. പല സിപിഎം നേതാക്കളും കൊന്നും കൊല്ലിച്ചുമാണ് കേരള രാഷ്‌ട്രീയത്തില്‍ ഇടം നേടിയത്.
ആലുവയില്‍ സമരം ചെയ്‌ത മുസ്ലിം സഹോദരങ്ങളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീവ്രവാദബന്ധം അന്വേഷിക്കാന്‍ ഉത്തരവിട്ടതും പിണറായി സര്‍ക്കാരാണ്. സിദ്ദിഖ് കാപ്പന്‍ എന്ന പേര് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശ്‌നമായതുകൊണ്ടാണ് കരിനിയമം ഉപയോഗിച്ച് അദ്ദേഹത്തെ കല്‍ത്തുറുങ്കിലടച്ചത്.
സിദ്ദിഖ് കാപ്പൻ ചെയ്‌തത് ഭരണ കൂടത്തെ വിമര്‍ശിച്ചു എന്ന കുറ്റമാണ്. പ്രതിഷേധിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കള്ളക്കേസിൽ ജയിലിൽ അടയ്ക്കുന്ന യോഗീ ശൈലിയാണ് ഇവിടെ പിണറായി വിജയനും പ്രയോഗിക്കുന്നത്. ഫര്‍സീന്‍ മജീദിന്‍റെ പേരില്‍ കാപ്പ ചുമത്തി ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് പിണറായിയും സി.പി.എമ്മും കരുതേണ്ടതില്ല.
എകെജി സെന്‍ററിന് നേര്‍ക്കുണ്ടായ പടക്കമേറ് ഉള്‍പ്പടെയുള്ള കേസുകളിലെ ആസൂത്രകനാണ് ഇപി ജയരാജന്‍. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇന്ത്യയ്ക്കുതന്നെ നാണക്കേടാണ്. സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുമാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പൊലീസ് സേനയെ സി.പി.എമ്മിന്റെ പോഷക സംഘടനയാക്കിയെന്നും സുധാകരന്‍ ആരോപിച്ചു.