തിരുവന്തപുരം : സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. അത്തരം പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നിയെന്നും,തെറ്റിനെ തെറ്റായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചുപോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു' - കെ സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മഹിള കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം. മണിയുടെ തലയൊട്ടിച്ചതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു വിവാദ പരാമർശം. എം.എം. മണിയുടെ മുഖം അങ്ങനെ തന്നെയാണെന്നും മാന്യത ഉള്ളതുകൊണ്ടാണ് മഹിള കോൺഗ്രസ് മാപ്പ് പറഞ്ഞതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. കെ.കെ. രമയെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിള കോൺഗ്രസ് മാർച്ച് നടത്തിയത്.
വംശീയ അധിക്ഷേപമായ ഇത്തരം പദപ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മഹിള കോണ്‍ഗ്രസ് മാപ്പ് പറഞ്ഞ് തടിയൂരിയത്. എന്നാൽ തനിക്ക് ആരുടെയും മാപ്പ് വേണ്ടന്നാണ് സുധാകരന് മറുപടിയായി എംഎം മണി പറഞ്ഞത്. 'ഒരുത്തന്‍റെ യും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ, ഇവിടെ നിന്നും തരാനൊട്ടില്ലതാനും' - എംഎം മണി ഫെയ്‌സ്ബുക്കിൽ കുറിച്ചു.