തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയ മധുരത്തിനിടെ ഒരു മേശയുടെ ഇരുവശങ്ങളിലിരുന്ന് പരസ്‌പരം പോരടിച്ച കെ സുധാകരനും വിഡി സതീശനും പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശവുമായി പാര്‍ട്ടി കേഡര്‍മാരെ ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ ജില്ലകളിലേക്കിറങ്ങുന്നു. ഇന്ന് കോഴിക്കോട് ജില്ലയില്‍ നിന്നാണ് പര്യടനത്തിനു തുടക്കം. ബൂത്ത് പ്രസിഡന്‍റുമാര്‍ മുതല്‍ മുകള്‍ത്തട്ടിലുള്ളവര്‍ വരെ സംബന്ധിക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തു കൊണ്ടാണ് തുടക്കം.
ഉച്ചയ്ക്കു ശേഷം നടക്കുന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്‍റുമാരും ഡിസിസി ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും. മണ്ഡലം പ്രസിഡന്‍റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെയാണ് സതീശനും സുധാകരനും ജില്ലാ പര്യടനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. കെപിസിസി പ്രസിഡന്‍റും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും തമ്മില്‍ സമ്പൂര്‍ണ ഐക്യത്തോടെയാണ് നീങ്ങുന്നതെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് കേവലമായ മാധ്യമ സൃഷ്‌ടിയാണെന്നും തെളിയിക്കുകയാണ് ജില്ലാ പര്യടനത്തിന്‍റെ ലക്ഷ്യം.
ജില്ലാ പര്യടനത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലുയള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി മുന്‍ അധ്യക്ഷനും പ്രചാരണ വിഭാഗം മേധാവിയുമായ കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതു സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായി ചര്‍ച്ചയ്ക്കു വരികയെങ്കിലും മണ്ഡലം പ്രസിഡന്‍റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് കടുത്ത അസ്വാരസ്യം നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നത് പാര്‍ട്ടിയെ കുഴക്കുകയാണ്. മാത്രമല്ല, താഴെ തട്ടില്‍ മണ്ഡലം പ്രസിഡന്‍റുമാരെ ചൊല്ലി നടക്കുന്ന കലഹം ഘടക കക്ഷികളുടെ കടുത്ത പ്രതിഷേധത്തിനു കൂടി കാരണമായിരിക്കുകയാണ്.
മാത്രമല്ല, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ മണ്ഡലം പ്രസിഡന്‍റുമാരെ പൂര്‍ണ്ണമായി പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പെടെ പ്രഖ്യാപിച്ച ജില്ലകളിലാകട്ടെ ചില മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയുമാണ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും ബ്ലോക്ക് പ്രസിഡന്‍റ് പട്ടിക പൂര്‍ത്തിയായിട്ടും പാര്‍ട്ടിക്ക് താഴെ തട്ടില്‍ ഒരു ചലനവും ഉണ്ടാക്കാനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പേരിലുള്ള ഗ്രൂപ്പുകള്‍ ഇല്ലാതായപ്പോള്‍ അതിന്‍റെ സ്ഥാനത്ത് വിഡി സതീശന്‍ സ്വന്തക്കാരെ കുത്തിത്തിരുകുന്നു എന്ന ആക്ഷേപമാണ് പ്രധാനമായി ഉയരുന്നത്. പഴയ ഉമ്മന്‍ചാണ്ടി പക്ഷത്തിനാണ് ഈ പരാതി ഏറെയുള്ളത്.
2024ലെ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയിലാകമാനം കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ ഉയര്‍ത്തെണീപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ സ്വന്തം നാട്ടിലാണ് ഇല്ലാത്ത ഗ്രൂപ്പുകളെ ചൊല്ലി താഴെ തട്ടില്‍ പാര്‍ട്ടി പരസ്യമായി തമ്മിലടിക്കുന്നതെന്നതാണ് ഏറെ നാണക്കേടുണ്ടാക്കുന്നത്. സുധാകരന്‍ ഇതിലില്ലെങ്കിലും സതീശന്‍ പിന്‍വാങ്ങാന്‍ തയ്യാറാകാത്തതും പ്രശ്‌നമാണ്. പല വിഷയങ്ങളും പാര്‍ട്ടി ഏറ്റെടുക്കുന്നത് വിഷയത്തിന്‍റെ പ്രാധാന്യം നഷ്‌ടപ്പെട്ട ശേഷമാണെന്ന വിമര്‍ശനം ശക്തമാണ്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്നെ അതു തെളിയിച്ച് പൊതു ജനമദ്ധ്യത്തില്‍ വിശ്വാസമാര്‍ജ്ജിക്കാന്‍ ശ്രമിക്കാത്തു പാര്‍ട്ടി അണികളുടെ തന്നെ പരിഹാസത്തിനു പാത്രമായിട്ടുണ്ട്. എഐ കാമറ, കണ്ണൂര്‍ വേദകം റിസോര്‍ട്ട്, സോളാര്‍ സിബിഐ കണ്ടെത്തല്‍ എന്നിവയെല്ലാം കോണ്‍ഗ്രസ് പാതിവഴിയില്‍ ഉപേക്ഷിച്ചു എന്ന ആക്ഷേപം പൊതുവേ ശക്തമാണ്. ഇതിനിടയിലാണ് പാര്‍ട്ടി അണികള്‍ക്ക് ആത്മവിശ്വാസത്തില്‍ പൊതിഞ്ഞ ഉത്തേജന മരുന്നുമായി സതീശനും സുധാകരനും ജില്ലാ പര്യടനം നടത്തുന്നത്.