തിരുവനന്തപുരം : രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി.എം സുധീരനെ തള്ളി കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. സുധീരന് എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കിൽ തിരുത്തും. അഭിപ്രായം പറയാൻ സുധീരന് അവസരം നൽകിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം അത് വിനിയോഗിച്ചിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു.
എല്ലാ കാര്യവും രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്യേണ്ടതില്ല. വി.എം സുധീരനെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഒരു നേതാവിനെയും മാറ്റിനിർത്തില്ലെന്നും സുധീരനോട് ആശയവിനിമയത്തിൽ പ്രശ്‌നമോ ആലോചനക്കുറവോ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പ്രതികരിച്ചു.
ബിജെപി വിട്ട ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ഋഷി പൽപ്പുവിന് കോണ്‍ഗ്രസ് അംഗത്വം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ALSO READ: രാജിയിൽ ഉറച്ച് വി.എം സുധീരൻ ; നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് വി.ഡി സതീശന്‍
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിൻ്റെ പ്രസ്‌താവന കെ. സുധാകരൻ തള്ളി. കേരളത്തിലെ വിഷയങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയേണ്ടത് ഇവിടുത്തെ കോൺഗ്രസ് നേതാക്കളാണ്. കെപിസിസിക്ക് ഇക്കാര്യത്തിൽ സ്വന്തം തീരുമാനം ഉണ്ട്.
ചിദംബരം മുഖ്യമന്ത്രിയെ പ്രശംസിച്ചത് ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ല. വിഷയത്തിൽ കെപിസിസിയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.