തിരുവനന്തപുരം: കേരള പൊലീസ്, സി.പി.എം ഗുണ്ടകളുടെ ബി ടീമിനെ പോലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. സംസ്ഥാനത്ത് സി.പി.എം ക്രിമിനലുകള്‍ നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ ആരോപണ വിധേയനായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസ് സ്വയം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥതയ്‌ക്ക് ആളെ വിട്ടും കള്ള മൊഴി നല്‍കിയും വിജിലന്‍സ് മേധാവി മുതല്‍ ഗണ്‍മാന്‍ വരെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഓടി നടക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ ഗുരുതര വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പൊലീസ് മൃഗീയ നരനായാട്ട് നടത്തുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്‌ക്കും കണ്ണിനും നേരെയാണ് പൊലീസ്, ലാത്തി പ്രയോഗിക്കുന്നത്. ഇത് പോരാത്തതിന് സമരക്കാരെ മര്‍ദിക്കാന്‍ സി.പി.എം ഗുണ്ടകളെ ഇറക്കി.
'കോണ്‍ഗ്രസ്, രാഷ്‌ട്രീയമായി നേരിടും': പൊലീസിന്‍റെ ഇത്തരം സമീപനങ്ങള്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. ക്രമസമാധാനം തകര്‍ത്ത് അഴിഞ്ഞാടുന്ന ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കാനാണ് പൊലീസിന്‍റെ നീക്കമെങ്കില്‍ അതിനെ രാഷ്‌ട്രീയമായി നേരിടും. എ.കെ.ജി സെന്‍ററിന്‍റെയും സി.പി.എമ്മിന്‍റെയും ആജ്ഞകള്‍ നടപ്പാക്കാന്‍ ഇറങ്ങുന്ന പൊലീസുകാര്‍ അധികാരവും ഭരണവും മാറി വരും എന്നത് വിസ്‌മരിക്കരുത്.
സി.പി.എം ഗുണ്ടകള്‍ക്ക് സംരക്ഷണം ഒരുക്കാനാണ് പൊലീസ് നീക്കമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. കെ.പി.സി.സി ആസ്ഥാനം ആക്രമിച്ച് മുന്‍ മുഖ്യമന്ത്രി എ.കെ ആന്‍റണിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം - ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നത് നാണക്കേടാണെന്നും സുധാകരന്‍ പറഞ്ഞു.