തിരുവനന്തപുരം: ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്‌ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളത്തിന് ആകാംക്ഷയുണ്ടെങ്കിലും ആശങ്കയോടെ കാത്തിരിക്കുന്നത് സംസ്ഥാന സർക്കാരാണ്. പിണറായി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി പ്രഖ്യാപിക്കുകയും പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തുകയും ചെയ്‌ത തിരുവനന്തപുരം- കാസര്‍കോട് സെമി ഹൈസ്‌പീഡ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കുമോ എന്നതാണ് ഒരേ സമയം സർക്കാരിനെ ആകാംക്ഷയിലും ആശങ്കയിലുമാക്കുന്നത്.
33,000 കോടി രൂപ വായ്‌പ എടുക്കാനുള്ള കേന്ദ്രാനുമതിയാണ് സില്‍വര്‍ ലൈനിനായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനു മുന്‍പ് ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. ബജറ്റിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാലും ഇക്കാര്യം ഉന്നയിച്ചു.
എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ അനുമതി നല്‍കരുതെന്നാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം.പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന ഘടകവും പദ്ധതിക്കെതിരാണ്. പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത എതിര്‍പ്പാണുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
പദ്ധതിക്ക് കേന്ദ്രാനുമതി ഈ ബജറ്റിലും ലഭിക്കുന്നില്ലെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും യുഡിഎഫ് പദ്ധതിക്കെതിരെ വീണ്ടും ശക്തമായി രംഗത്തു വരിക.
കേരളത്തിന്‍റെ മറ്റ് പ്രധാന ആവശ്യങ്ങള്‍
കേന്ദ്ര ബജറ്റിനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചതുള്‍പ്പെടെ 22 ആവശ്യങ്ങളാണ് സംസ്ഥാനം മുന്നോട്ടു വച്ചിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ടവ ഇങ്ങനെ:
- ജിഎസ്‌ടി വരുമാനം കുറയുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നഷ്‌ടപരിഹാരം ഈ വര്‍ഷം ജൂണില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇത് 5 വര്‍ഷത്തേക്കു കൂടി നീട്ടണം. മറ്റ് പല സംസ്ഥാനങ്ങളും ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്.
- പെട്രോള്‍, ഡിസല്‍ എന്നിവയ്ക്കുള്ള സര്‍ചാര്‍ജ് കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്യുക.
- കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുക.
- 15-ാം ധനകാര്യകമ്മിഷന്‍ വിഹിതം വെട്ടിക്കുറച്ചതു മൂലമുണ്ടായ നഷ്‌ടം നികത്താന്‍ സാമ്പത്തിക സഹായം അനുവദിക്കുക.
- മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക.
- മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളും ദിവസക്കൂലിയും വര്‍ധിപ്പിക്കുക.
- റബ്ബറിന് കേന്ദ്ര സഹായമുള്‍പ്പെടെയുള്ള താങ്ങുവില പ്രഖ്യാപിക്കുക.
Also Read: സ്വതന്ത്ര ഇന്ത്യയിലെ ബജറ്റ് സമ്മേളനങ്ങൾ, ചരിത്രം വഴിമാറിയതിങ്ങനെ