തിരുവനന്തപുരം: സില്‍വര്‍ ലൈൻ പദ്ധതി സംബന്ധിച്ചുള്ള സംവാദ പാനലില്‍ നിന്ന് ഐടി വിദഗ്‌ധനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് മാത്യുവിനെ ഒഴിവാക്കി. പകരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി. ഇക്കാര്യം കെ റെയില്‍ കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.
അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിങ്ങനെ മൂന്നു പേരെയാണ് പദ്ധതിയെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ സംവാദത്തിനായി ഉള്‍പ്പെടുത്തിയിരുന്നത്. സംവാദത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ജോസഫ് സി.മാത്യുവുമായി കെ.റയില്‍ ചര്‍ച്ച നടത്തിയപ്പോള്‍ പങ്കെടുക്കാമെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാനല്‍ തയ്യാറാക്കിയത്. വ്യാഴാഴ്‌ച രാവിലെ (28.04.2022) തിരുവനന്തപുരത്താണ് സംവാദം നടക്കുക. സില്‍വര്‍ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്ന രണ്ടു പേരും എതിര്‍ക്കുന്ന രണ്ട് പേരുമാണ് സംവാദത്തില്‍ പങ്കെടുക്കുക.
പദ്ധതിയെ അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ എഞ്ചിനീയര്‍ സുബോധ് ജെയിന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റി പകരം ഡോക്ടര്‍ കുഞ്ചെറിയ പി.ഐസക്ക് പങ്കെടുക്കും.
സംവാദത്തിന്‍റെ മോഡറേറ്ററായി നിശ്ചയിച്ചിരുന്ന ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെപി സുധീറിനെയും മാറ്റി. പകരം നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിരമിച്ച മോഹന്‍ എ.മേനോനാണ് പുതിയ മോഡറേറ്റര്‍. സംവാദത്തില്‍ പങ്കെടുക്കുന്ന ഒരോരുത്തര്‍ക്കും പത്ത് മിനിറ്റ് വീതം സമയം അനുവദിച്ചാകും സംവാദം നടക്കുക.
also read: സിൽവർലൈൻ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കാൻ നീക്കം