തിരുവനന്തപുരം : കെ റെയില്‍ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ തിരുവനന്തപുരം റൂറല്‍ എസ്‌പി ദിവ്യ ഗോപിനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം സ്‌റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് വിഷയത്തില്‍ നടപടി. ഇന്ന് (21 ഏപ്രില്‍ 2022) കരിച്ചറയില്‍ നടന്ന കെ-റെയില്‍ വിരുദ്ധ സമരത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ചവിട്ടേറ്റത്.
രാവിലെ 11 മണിയോടെയാണ് പ്രദേശത്ത് കെ റെയില്‍ കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവിടേക്ക് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിക്കുന്നത് തടയുകയായിരുന്നു. ഇതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റത്. രാവിലെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
More read: K RAIL: കഴക്കൂട്ടത്ത് കല്ലിടൽ പുനരാരംഭിച്ചു, സംഘർഷം; ഒടുവിൽ കല്ലിടൽ ഉപേക്ഷിച്ച് മടങ്ങി
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോയിയെ ചവിട്ടിയില്ലെന്ന് മംഗലപുരം സിഐ വ്യക്തമാക്കിയിരുന്നു. സമരത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനും രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.