തിരുവനന്തപുരം: മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ കയ്യേറ്റം ചെയ്‌ത കേസിൽ മൊഴി മാറ്റിയ സിപിഎം പ്രവർത്തകർക്കെതിരെ വിമർശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. സിപിഎം പ്രവർത്തകർ കൂറുമാറിയതോടെ കേസിലെ പ്രതികളായ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. മൊഴിമാറ്റം പരിഹാസ്യമായ നടപടിയെന്ന് പ്രകാശ് ബാബു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
'എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി - ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് അംഗീകരിക്കാനാകില്ല. സിപിഎം പ്രാദേശിക-ജില്ല നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായതെന്ന്' ഫേസ്ബുക്ക് കുറിപ്പില്‍ പ്രകാശ് ബാബു പറഞ്ഞു.
'ആക്രമണത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. കയ്യിൽ ബാൻഡേജിട്ട് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർക്കും മുഖ്യമന്ത്രിക്കുമൊപ്പമുള്ള ചിത്രവും പങ്ക് വച്ചിട്ടുണ്ടെന്ന്' പ്രകാശ് ബാബു വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: 2016ൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജിട്ട് ബഹു.ഗവർണറോടും ബഹു.മുഖ്യമന്ത്രിയോടുമൊപ്പം നിൽക്കുന്ന സത്യപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസിൽ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു. പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു.
ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക് പറ്റിയ സിപിഎം നേതാവ് ഉൾപടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സിപിഎം പ്രാദേശിക-ജില്ല നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്, പരിഹാസ്യമാണ്. സിപിഎം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാൻ കരുതുന്നു.