തിരുവനന്തപുരം: ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നു എന്ന് പോലും പറയാൻ കഴിയാത്ത തരത്തിലുള്ള വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal). പ്രതിപക്ഷത്തിന്‍റെ വാദങ്ങള്‍ ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധി (Financial crisis) മൂലം വികസന പ്രവർത്തനങ്ങൾ താളം തെറ്റുന്ന ഗുരുതര പ്രതിസന്ധി സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് (Adjournment resolution) മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നത്തോട് പ്രതിപക്ഷത്തിന്‍റെ സമീപനം എന്താണെന്ന് കുറച്ചുകൂടി ജനങ്ങളിലേക്ക് എത്തുന്നതിന് ചർച്ച സഹായിച്ചു എന്നാണ് കരുതുന്നത്. ചർച്ചയ്ക്ക് അവസരമുണ്ടായത് കേരളത്തിനെ സംബന്ധിച്ച് നല്ല കാര്യമാണ്. കേരളത്തിന്‍റെ സാമ്പത്തിക മേഖലയിൽ വലിയ തോതിലുള്ള ശ്വാസംമുട്ടൽ ഉണ്ടെന്നുള്ള കാര്യത്തിൽ തർക്കമില്ല.
കേരളത്തിലെ സാമ്പത്തിക രംഗത്തെക്കുറിച്ച് പലപ്പോഴും ചർച്ച ചെയ്‌തിട്ടുള്ളതാണ്. കഴിഞ്ഞ മാർച്ച് 31 മറികടക്കാൻ സർക്കാരിന് കഴിയില്ല, ട്രഷറി പൂട്ടും, സമ്പദ്‌വ്യവസ്ഥ തകരും എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇതെല്ലാം നല്ല രീതിയിൽ മറികടക്കാൻ കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും നല്ല മാർക്കറ്റ് ഇടപെടൽ കേരളത്തിലായിരുന്നു എന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് നൂറ് ശതമാനം മുകളിലായിരുന്നു. 22,000 കോടിയിലധികം രൂപയാണ് കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ മാത്രം ചെലവഴിക്കേണ്ടി വന്നത്.
ഈ ഓണക്കാലത്ത് 18,000 കോടി രൂപയിലധികം ചെലവഴിച്ചു. വിപണി ഇടപെടലിന് 400 കോടി, 62 ലക്ഷം പേർക്കുള്ള ക്ഷേമപെൻഷൻ, തൊഴിലുറപ്പ് തൊഴിലാളി മുതൽ എല്ലാ മേഖലകളിലും അലവൻസ് തുടങ്ങിയ കാര്യങ്ങൾ എല്ലാം ചെയ്‌തു. എല്ലാ മേഖലയിലും വില കുറഞ്ഞു എന്ന് മാത്രമല്ല ഇന്ത്യയിലെ വിലക്കയറ്റത്തിന്‍റെ തോതിൽ ഏറ്റവും കുറവ് വിലക്കയറ്റം ഉണ്ടായത് കേരളത്തിലാണ്.
കേരളത്തേക്കാളും രണ്ട് ശതമാനം അധികമാണ് അഖിലേന്ത്യാ ശരാശരി. രാജസ്ഥാനിൽ മൂന്ന് ശതമാനം അധികമായിരുന്നുവെന്നും കണക്കുകൾ പുറത്തു വന്നതാണ്. പത്രങ്ങളുടെ വാണിജ്യ പേജിൽ നോക്കിയാൽ ഇത് കാണാം.
മുൻപേജിൽ വരുന്ന തലക്കെട്ടുകൾ രാഷ്ട്രീയമായ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. കേരളത്തിലെ സാമ്പത്തിക സ്ഥിതിയും പൊതുവിൽ ജനങ്ങളുടെ വാങ്ങൽ ശേഷിയും വർധിച്ചിട്ടുണ്ട്. വിമർശനം നടത്തുമ്പോൾ ജനങ്ങൾക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ അവർക്കും മനസിലാകുന്നുണ്ട്.
പ്രതിപക്ഷ നേതാവ് പറഞ്ഞ് അവസാനിപ്പിച്ചത് ഒരു കാര്യത്തിലും ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന തരത്തിലാണ്. കേരളം തനത് വരുമാനം വർധിപ്പിക്കുന്ന കാര്യത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ച നിമിഷമാണ്. കടബാധ്യതയുടെ കാര്യത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവു വരുത്തി.
ഏറ്റവും സാധാരണക്കാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ കുറച്ചാൽ പണം സമാഹരിക്കാം എന്ന് പറഞ്ഞാൽ തങ്ങൾ അതിനോട് യോജിക്കില്ല. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്. നല്ല കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് വിമർശനം ഉന്നയിച്ചാൽ ജനങ്ങൾ വിശ്വസിക്കും.
തനത് വരുമാനം വർധിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായി. യുഡിഎഫിന്‍റെ സമയത്ത് 55 ശതമാനമാണ് അഞ്ചുവർഷംകൊണ്ട് സാമ്പത്തിക വളർച്ച ഉണ്ടായത്. വെറും രണ്ടുവർഷം കൊണ്ട് നമുക്ക് 51 ശതമാനത്തിലധികം വർധനവ് ഉണ്ടാക്കാൻ കഴിഞ്ഞു. ഒരു രൂപ കേന്ദ്ര നികുതിക്ക് ഇവിടുന്ന് പിരിക്കുന്നതിന് പകരമായി സംസ്ഥാനങ്ങൾക്ക് കേന്ദ്രംതിരിച്ചു നൽകുന്ന തുകയെപ്പറ്റി പ്രതിപക്ഷവും ഗൗരവമായി കാണണമെന്നും ധനമന്ത്രി പറഞ്ഞു.