തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പാർട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പമുണ്ടെന്നും കെ മുരളീധരൻ എംപി. പാർട്ടിയുടെ ദേശീയ നേതൃത്വവും ഇക്കാര്യത്തിൽ അദ്ദേഹത്തിനോടൊപ്പം തന്നെയാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസിന് അദ്ദേഹത്തിന് പാർട്ടിയുടെ ഭാഗത്ത് നിന്നും പൂർണ്ണ പിന്തുണയുണ്ടാകും. ചില ഘടകങ്ങൾ പിന്തുണ നൽകുന്നില്ലെന്ന ചിന്ത അനാവശ്യമാണ്. മുഴുവൻ ഘടകങ്ങളും പിന്തുണ നൽകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെട്ടിച്ചമച്ച ഈ കേസിനെതിരെ ഏതറ്റം വരെ പോരാടാനും പാർട്ടി തയ്യാറാണ്. കെ സുധാകരന്‍റെ അറസ്റ്റിൽ ഇന്ന് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അറസ്റ്റിലൂടെ ഒരു ചീത്ത കീഴ്വഴക്കം എൽഡിഎഫ് സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിന്‍റെ പ്രത്യാഘാതം അവർ ഭാവിയിൽ അനുഭവിക്കേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.
ഇത്രയും കാലം മാന്യമായ സമീപനമായിരുന്നു യുഡിഎഫിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ഭാവിയിൽ ഈ മാന്യത പ്രതീക്ഷിക്കേണ്ടതില്ല. കനത്ത തിരിച്ചടിയാകും ഭാവിയിൽ ഇടത് സര്‍ക്കാറിന് നേരെയുണ്ടാകുക. രാഷ്ട്രീയമായും നിയമപരമായും ഇത് നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഭാവിയിലും സമാനമായ കേസുകൾ ഉണ്ടാകും. ഇടത് സര്‍ക്കാര്‍ തന്നെ സ്ഥിരമായി അധികാരത്തിൽ ഇരിക്കില്ലല്ലോയെന്നും കെ.മുരളീധരന്‍ ചോദിച്ചു.
നാളെ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ ഇവര്‍ ചെയ്‌ത പ്രവര്‍ത്തികള്‍ക്കെല്ലാം ഭാവിയില്‍ മറുപടി പറയേണ്ടി വരും. പ്രതികാരം എന്ന നിലയില്‍ അല്ല. ഭാവിയിൽ എല്ലാ കാര്യങ്ങളിലും നിയമപരമായി അന്വേഷണം ഉണ്ടാകും. ഇപ്പോൾ ഇവർ മറച്ച് വയ്ക്കുന്ന പല സത്യങ്ങളും ഭാവിയിൽ പുറത്ത് വരും. ഭാവി കാര്യങ്ങളെ കുറിച്ച് പാർട്ടി ആലോചിക്കും. അടുത്ത നടപടികളെ കുറിച്ച് ഉറപ്പായും ചർച്ച ചെയ്യും.
കോൺഗ്രസിന്‍റെ കമ്മിറ്റികൾ കൃത്യമായി ചേരുന്നുണ്ട്. യാതൊരു തരത്തിലുള്ള ആക്ഷേപവും ഞങ്ങൾക്ക് ഉന്നയിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കും: മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരി ദിനം ആചരിക്കുകയാണ്. കെ സുധാകരനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നിരുന്നു.
കേരളത്തിന്‍റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യുഡിഎഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്‌ദരാക്കാമെന്ന് കരുതേണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്‍റെ കാർബൺ കോപ്പിയാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്.
ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്‍റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.