തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതിലെ അതൃപ്‌തി പരസ്യമാക്കി കെ മുരളീധരന്‍ എംപി. കെപിസിസിയിൽ ഇപ്പോൾ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ല. എന്നാല്‍ രണ്ട് നേതാക്കള്‍ മാത്രം ചേര്‍ന്നല്ല പുനഃസംഘടന നടത്തേണ്ടതെന്നും തിരുവനന്തപുരത്ത് കെ കരുണാകരൻ പഠനകേന്ദ്രത്തിന്‍റെ കരുണാകരൻ അനുസ്‌മരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
'സിപിഎം വീടുകയറിയുള്ള പരിപാടി തുടങ്ങി. ബിജെപിയും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അലക്ക് കഴിഞ്ഞ് കാശിക്ക് പോകാൻ കഴിയില്ലെന്ന് പറയുന്ന പോലെയാണ് നമ്മുടെ കാര്യം.
നമ്മൾ പുനഃസംഘടനയിൽ നില്‍ക്കുന്നതേയുള്ളൂ. മേലേത്തട്ടിൽ എടുക്കുന്ന തീരുമാനങ്ങൾ താഴെ തട്ടിൽ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല. പുനഃസംഘടന ആദ്യം താഴെ തട്ടിൽ നിന്ന് തന്നെ തുടങ്ങണം'- മുരളീധരന്‍ പറഞ്ഞു.
അങ്ങേയറ്റം ശക്തമായ എതിർപ്പുകളെയും അവഗണനകളെയും നേരിട്ടാണ് നെടുമ്പാശ്ശേരി വിമാനത്താവളം എന്ന പദ്ധതി കരുണാകരൻ യാഥാർഥ്യമാക്കിയത്. എന്നാൽ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നായനാർ നിർവഹിച്ചതോടെ പദ്ധതി എല്‍ഡിഎഫിന്‍റെ നേട്ടമായി ചിത്രീകരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.