ജെറുസലേം: ഗാസയ്‌ക്ക് എതിരായ യുദ്ധത്തിന് ഒരാണ്ടു തികയുന്ന വേളയില്‍ ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹമാസിനെതിരെ യുദ്ധം നടക്കുന്നതിന് ഏറെ അകലെയുള്ള പ്രദേശങ്ങളിലെ പോലും വിവിധ സമൂഹങ്ങള്‍ കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവാദ നീതിന്യായ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം
2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസിനെതിരെ യുദ്ധം ആരംഭിക്കും മുന്‍പ് തന്നെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീതിന്യായ പരിഷ്ക്കാരങ്ങള്‍ക്കെതിരെ രാജ്യത്ത് കടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതങ്ങളാണ് സൃഷ്‌ടിച്ചത്. തകര്‍ന്ന് കൊണ്ടിരുന്ന സമ്പദ്ഘടനയ്ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കാനേ ഹമാസിന്‍റെ ആക്രമണവും തുടര്‍ന്ന് ഇസ്രയേല്‍ തുടങ്ങിയ യുദ്ധവും സഹായിച്ചുള്ളൂ.
ഈ യുദ്ധം ഇങ്ങനെ തുടരുകയാണെങ്കില്‍ ഇസ്രയേല്‍ സമ്പദ്ഘടനയ്ക്ക് അത് താങ്ങാനാകുന്നതല്ലെന്ന് സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ജാക്വിസ് ബെന്‍ഡെലാക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
സമ്പദ്ഘടനയില്‍ തിരിച്ച് വരവ്, പക്ഷേ വളര്‍ച്ചാനിരക്ക് മന്ദഗതിയില്‍
2023ന്‍റെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 21ശതമാനമായി ചുരുങ്ങിയെങ്കിലും 2024ലെ ആദ്യപാദത്തില്‍ ഇതില്‍ പതിനാല് ശതമാനം തിരിച്ച് കയറ്റമുണ്ടായെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ വളര്‍ച്ചാനിരക്കില്‍ മാന്ദ്യം അനുഭവപ്പെട്ടു. 0.7ശതമാനം മാന്ദ്യമാണ് ഉണ്ടായത്.
ഇസ്രയേലിന്‍റെ പൊതുകടം മൂന്ന് റേറ്റിങ് ഏജന്‍സികള്‍ കുറച്ചതില്‍ നിന്ന് തന്നെ യുദ്ധം ഇസ്രയേല്‍ സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതങ്ങള്‍ വ്യക്തമാണ്. ഇസ്രയേലിന്‍റെ രൂപീകരണത്തിന് കാരണമായ യുദ്ധത്തിന് ശേഷം ഇത്രയും ദീര്‍ഘമായ ഒരു യുദ്ധം ആദ്യമായാണെന്ന് ഓഗസ്റ്റില്‍ തന്നെ ഗാസ യുദ്ധത്തെക്കുറിച്ച് ഫിച്(Fitch)പ്രവചിച്ചിരുന്നു. ഇത് 2025 വരെ നീണ്ടു പോയേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം വടക്കന്‍ ഇസ്രയേലിലേക്കും ഹമാസിന്‍റെ സഖ്യമായ ഹിസ്‌ബുള്ളയിലേക്കും വ്യാപിക്കുന്നതിനിടെ ഇസ്രയേലിന്‍റെ വായ്‌പ നിരക്കുകള്‍ ഉയരുകയാണ്. ഏജന്‍സികളുടെ നടപടികളെ ഉന്നത ഉദ്യോഗസ്ഥര്‍ തള്ളുന്നുമില്ല.
രാജ്യത്തെ സമ്പദ്ഘടന സുസ്ഥിരവും ദൃഢവുമാണെന്നാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്. യുദ്ധം അവസാനിക്കുന്നതോടെ ഇത് കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പദ്ധതികള്‍ നിലച്ചമട്ടി, വിനോദസഞ്ചാരമേഖലയ്ക്കും തിരിച്ചടി
നിലവിലെ യുദ്ധം ആയുധക്കച്ചവടക്കാര്‍ക്ക് നേട്ടമാകുന്നുണ്ട്. സാങ്കേതിക മേഖലയ്ക്ക് പുറമെ ഇസ്രയേലിന്‍റെ രണ്ട് മുഖ്യ വളര്‍ച്ചാ ഘടകങ്ങളിലൊന്നാണ് ആയുധ നിര്‍മ്മാണ മേഖല. ഈ മേഖലയ്ക്ക് യുദ്ധം ഉണര്‍വ് പകരുന്നുണ്ട്. എന്നാല്‍ അവശേഷിക്കുന്ന മേഖലകളായ വിനോദസഞ്ചാരം, നിര്‍മ്മാണം, കൃഷി തുടങ്ങിയവ ഒന്നിന് പിന്നാലെ ഒന്നായി മരിച്ച് കൊണ്ടിരിക്കുന്നുവെന്ന് ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ പ്രൊഫസര്‍ എമിരറ്റസ് ബെന്‍ഡലാക് ചൂണ്ടിക്കാട്ടുന്നു.
ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം പലസ്‌തീനികള്‍ക്ക് തൊഴില്‍ അനുമതി നല്‍കുന്നത് ഇസ്രയേല്‍ നിര്‍ത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇത് തൊഴിലാളികളുടെ ദൗര്‍ലഭ്യത്തിന് കാരണമായെന്ന് ഇസ്രയേലി തൊഴിലവകാശ സംഘടനയായ കാവ് ലയോവ്ഡ് ചൂണ്ടിക്കാട്ടുന്നു. ഒരുലക്ഷത്തോളം ഇത്തരം പെര്‍മിറ്റുകള്‍ നിര്‍മ്മാണ, കാര്‍ഷിക, വ്യവസായികമേഖലകളിലെ മനുഷ്യവിഭവ ശേഷിയെ കരുത്തുറ്റതാക്കിയേനെ.
പതിനായിരക്കണക്കിന് പലസ്‌തീനികള്‍ ഇസ്രയേലില്‍ അനധികൃതമായി പണിയെടുക്കുന്നു. 8000 പലസ്‌തീനിയന്‍ തൊഴിലാളികളെ മാത്രമാണ് പ്രവേശന വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഫാക്‌ടറികളില്‍ ഇവരുടെ സേവനം ഒഴിച്ച് കൂട്ടാനാകാത്ത സാഹചര്യത്തിലാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേലിന്‍റെ സാമ്പത്തിക തലസ്ഥാനമായ ടെല്‍ അവീവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധം മൂലം തടസപ്പെട്ടിരിക്കുന്നു. അംബരചുംബികളുടെയും ഗതാഗത പദ്ധതികളുടെയും പണിയാണ് പാതിയില്‍ നിലച്ചിരിക്കുന്നത്. ഹമാസിന്‍റെ ആക്രമണം തുടങ്ങിയത് മുതല്‍ വിനോദസഞ്ചാരമേഖല തിരിച്ചടി നേരിടുകയാണ്.
അവധി ആഘോഷിക്കാനെത്തുന്നവരും മതതീര്‍ത്ഥാടകരും ഇപ്പോള്‍ ഇങ്ങോട്ടേക്ക് എത്തുന്നേയില്ല. ജനുവരി മുതല്‍ ജൂലൈ വരെ അഞ്ച് ലക്ഷം സന്ദര്‍ശകര്‍ മാത്രമാണ് ഇവിടേക്ക് എത്തിയത്. മുന്‍വര്‍ഷത്തേതിന്‍റെ മൂന്നിലൊന്ന് മാത്രമാണ് ഇതെന്നും വിനോദസഞ്ചാരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
നീണ്ട യുദ്ധം, സമ്പദ്ഘടന മാന്ദ്യത്തിലേക്ക്
ദീര്‍ഘമായ യുദ്ധത്തിന് മുമ്പ് രണ്ട് പതിറ്റാണ്ടുകളായി ഇസ്രയേലിന്‍റെ വളര്‍ച്ച വായ്‌പ ഉപഭോഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ മിക്ക കുടുംബങ്ങള്‍ക്കും വായ്‌പകള്‍ തിരിച്ചടയ്ക്കാനാകുന്നില്ലെന്നും ഇസ്രയേലുകാരനായ ബന്‍ഡെലാക് ചൂണ്ടിക്കാട്ടുന്നു. ജീവിതച്ചെലവ് ഉയരുന്നതും സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യത്തിലേക്കാകും നയിക്കുക.
ഇസ്രയേല്‍-ഹമാസ് യുദ്ധം നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളും സൃഷ്‌ടിച്ചിട്ടുണ്ട്. സഹായ സംഘടനകളുടെ ആവശ്യകത ഇസ്രയേലില്‍ ഇരട്ടിയായിരിക്കുന്നു. ഭക്ഷ്യസാധന വിതരണത്തിനായി പുതിയ സംഘടനകള്‍ എത്തിയിരിക്കുന്നു. ഇസ്രയേലിലെ തീര നഗരമായ റിഷോണ്‍ ലെസിയോണിലെ വ്യാപാര കേന്ദ്രത്തിലെ പാര്‍ക്കിങ് സ്ഥലത്ത് എന്‍ജിഒ ആയ പിത്ചോണക ലെവ്(ഓപ്പണ്‍ ഹാര്‍ട്ട്)സൗജന്യ പഴ- പച്ചക്കറി, മാംസ കുട്ടകള്‍ ആഴ്‌ചയില്‍ രണ്ട് തവണ വീതം വിതരണം ചെയ്യുന്നു.
യുദ്ധം തുടങ്ങിയതോടെ തങ്ങളുടെ സേവനം ഇരട്ടിയാക്കിയെന്നാണ് എന്‍ജിഒ സ്ഥാപകന്‍ എലി കൊഹെന്‍ പറയുന്നത്. രാജ്യമെമ്പാടുമായി രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് തങ്ങള്‍ സഹായമെത്തിക്കുന്നു. യുവാക്കള്‍, കുടുംബനാഥന്‍മാര്‍ കരുതല്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കുടുംബങ്ങള്‍, മുന്‍കാല ദാതാക്കള്‍, തുടങ്ങി ഇസ്രയേലും ഹിസ്‌ബുള്ളയുമായി വടക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ ഇടങ്ങളില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വരെ സഹായമെത്തിക്കുന്നുണ്ട്.
യുദ്ധത്തിന് ശേഷം സമ്പദ്ഘടന ശക്തമായി തിരികെ വരുമെന്ന പ്രതീക്ഷയാണ് ബെന്‍ഡെലാക് പ്രകടിപ്പിക്കുന്നത്. അതാണ് മുന്‍കാല അനുഭവങ്ങള്‍. എന്നാല്‍ യുദ്ധം നീണ്ടുപോകുകയാണെങ്കില്‍ ഇത് മന്ദഗതിയിലും കൂടുതല്‍ വെല്ലുവിളി നിറഞ്ഞതുമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
Also Read: ഗാസയിലെ മസ്‌ജിദിൽ ഇസ്രയേൽ വ്യോമാക്രമണം; 18 പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്