തിരുവനന്തപുരം : ഗവർണറും മുഖ്യമന്ത്രിയും പീലാത്തോസുമാരാകാൻ ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. ഒന്നിലും പങ്കില്ലെന്ന് പറഞ്ഞ് രണ്ടുകൂട്ടരും ഒത്തുകളിക്കുകയാണ്. നയപ്രഖ്യാപന സമയത്ത് തനിക്ക് പങ്കില്ലെന്ന് ഗവർണർ പറഞ്ഞതുപോലെ, ബി.ജെ.പി നേതാവ് ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നതിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയും വിശദീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം നിയമനം പഞ്ചാബിലും ബംഗാളിലും നടക്കില്ല. കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടായതുകൊണ്ടാണ് നടക്കുന്നത്. ഗവർണർ പരിധിയിൽ വരാത്ത കാര്യങ്ങൾ പറയുകയാണ്. ആർ.എസ്.എസ് പ്രതിനിധിയായ ഗവർണറും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണ്. ഗവർണർ പദവിക്കനുസരിച്ച് പ്രവർത്തിക്കണം.
ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആരും ചർച്ച ചെയ്യാത്ത വിഷയമാണ്, അതാണ് ഗവർണർ ഉയർത്തുന്നത്. ഗവർണർ ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഗവർണർ സ്ഥാനത്തോട് നീതി കാണിച്ചില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ നിലപാടെടുക്കുമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.