തിരുവനന്തപുരം : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കെ പി ഉണ്ണികൃഷ്‌ണന്‍റെ ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പ്രകാശന ചടങ്ങില്‍ നിന്ന് പ്രമുഖ കോൺഗ്രസ് നേതാക്കള്‍ വിട്ടുനിന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ എം പി. ഡിസിസി പ്രസിഡന്‍റും പാർട്ടി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. മറ്റുള്ള നേതാക്കൾ എന്തുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് തനിക്ക് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
താൻ ഇന്നലെ ശബരിമലയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് വന്നത്. പുസ്‌തക പ്രകാശന ചടങ്ങിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. മറിച്ചായിരുന്നെങ്കിലും മറ്റ് പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ചടങ്ങിനെത്താന്‍ സാധിക്കുമായിരുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം കെ രാഘവനും പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
കെ പി ഉണ്ണികൃഷ്‌ണൻ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ്. പുസ്‌തക പ്രകാശന ചടങ്ങ് വിവാദമായത് ദൗർഭാഗ്യകരമാണെന്നും മുരളീധരൻ പറഞ്ഞു. എം പി സൂര്യദാസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്‌ട്രീയ സഞ്ചാരി: കെ പി ഉണ്ണികൃഷ്‌ണന്‍റെ ജീവിതവും രാഷ്‌ട്രീയവും’ എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ നിന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്‌ത പുസ്‌തകം ഏറ്റുവാങ്ങേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശംസാപ്രാസംഗികരായി നിശ്ചയിക്കപ്പെട്ടിരുന്ന എം കെ രാഘവന്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ എന്നിവരുമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചടങ്ങിന് ആശംസയര്‍പ്പിച്ച് സന്ദേശമയച്ചിരുന്നു.