തിരുവനന്തപുരം: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജനാധിപത്യ പരമായ തെരഞ്ഞെടുപ്പാണ് നടന്നത്. എന്നാല്‍ സൈബര്‍ ഇടങ്ങളില്‍ നടന്നത് രൂക്ഷമായ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലും പിന്തുണയ്ക്കുന്ന നേതാക്കളെ ആക്രമിക്കുന്നതുമാണ് സൈബര്‍ ഇടങ്ങളില്‍ കണ്ടത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം മറ്റ് പാര്‍ട്ടിയിലുള്ളവരും ഉണ്ട്. ഇത് തടയാന്‍ തരൂരിന്‍റെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ല.
അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ ഇക്കാര്യം എത്താത്തുകൊണ്ടായിരിക്കും തിരുത്താത്തതെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം സോഷ്യല്‍ മീഡിയ നോക്കിയല്ല എടുക്കുന്നത്. സംഘടനയ്ക്കുണ്ടാകുന്ന ഗുണം നോക്കിയും പാര്‍ട്ടി ഭരണഘടന അനുസരിച്ചുമാണ്. ഇത് എല്ലാവരും അംഗീകരിക്കണം.
നെഹ്റു കുടുബത്തെ ഒഴിവാക്കിയല്ല, അവരുടെ ഉപദേശം കൂടി തേടി മുന്നോട്ട് പോകും. തരൂര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ആയിരത്തിലധികം വോട്ട് നേടിയതു കൊണ്ട് തരൂരിനെ വര്‍ക്കിങ്ങ് പ്രസിഡന്‍റെ സ്ഥാനത്തേക്കോ വര്‍ക്കിങ്ങ് കമ്മിറ്റിയിലേക്കോ എടുക്കണമെന്ന് അഭിപ്രായപ്പെടുന്നത് ശരിയല്ല.
വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ ആവശ്യമില്ലെന്നാണ് തന്‍റെ അഭിപ്രായം. തരൂരിന് വര്‍ക്കിങ് കമ്മിറ്റിയിലേക്കും വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിക്കാം. അതിന് ഒരു തടസവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം തിരിച്ച് വോട്ടെണ്ണണമെന്നായിരുന്നു തന്‍റെ നിലപാട്. എന്നാല്‍ കൂടുതല്‍ വ്യക്തത വന്നേനെ. നെഹ്റു കുടുംബത്തില്‍ നിന്നൊരാള്‍ മത്സരിച്ചിരുന്നെങ്കില്‍ നൂറ് വോട്ട് പോലും തരൂരിന് ലഭിക്കില്ലായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ആയിരത്തിലധികം വോട്ട് നേടിയ തരൂരിനെ വര്‍ക്കിങ് പ്രസിഡന്‍റെയോ വര്‍ക്കിങ്ങ് കമ്മറ്റിയിലേക്കോ പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.