തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പണം കടത്താനാണെന്ന് കെ. മുരളീധരന്‍ എംപി . സുരേന്ദ്രന്‍ ഹെലിക്കോപ്ടര്‍ യാത്ര നടത്തിയത് പണം കടത്താനാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. കേസില്‍ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് അടക്കം പങ്കുണ്ടെന്നും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമോ എന്നും മുരളീധരന്‍ ചോദിച്ചു.
READ MORE:പിന്മാറാൻ 15 ലക്ഷം ചോദിച്ചു, രണ്ടര ലക്ഷവും ഫോണും കിട്ടി: ബി.എസ്.പി സ്ഥാനാര്‍ഥി
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പണം കൈമാറാന്‍ ശ്രമിച്ചത്. അന്വേഷണം പ്രധാനമന്ത്രിയിലേക്ക് വരെ നീണ്ടേയ്ക്കും. നിലവിലെ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനില്‍ എത്തിനില്‍ക്കുകയാണ്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ചെലവാക്കാവുന്ന പരമാവധി തുക 30 ലക്ഷമാണ്. ബിജെപി നേതാക്കളില്‍ നിന്നറിഞ്ഞത് ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് കോടി നല്‍കി എന്നാണ്. എന്നാല്‍ പലരുടെയും കൈയില്‍ എത്തിയത് 35 ലക്ഷം വരെയാണ്. ഇക്കാര്യത്തില്‍ വലിയ തിരിമറി നടന്നിട്ടുണ്ട്. ബിജെപി മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട്. കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയില്‍ ഹെലിക്കോപ്ടര്‍ വാടക ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഇലക്ഷന്‍ കമ്മിഷന്‍ പരിശോധിക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.