തിരുവനന്തപുരം: കൊവിഡ് വാർഡിൽ രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരെ ശാസിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് രോഗികൾ ആത്മഹത്യ ചെയ്യാൻ സാഹചര്യമുണ്ടായാതെന്നാണ് ആരോപണം.
മെഡിക്കൽ കോളജ് അധികൃതരെ നേരിട്ട് വിളിച്ചുവരുത്തിയാണ് മന്ത്രി ശാസിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആരോഗ്യ സെക്രട്ടറി രാജൻ ഗോപ്രഖഡെയാണ് അന്വേഷണം ആരംഭിച്ചത്. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ മന്ത്രി സെക്രട്ടറിക്ക് നിർദേശം നൽകി.
റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും എന്നാണ് റിപ്പോർട്ട്. മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ നിന്നും രോഗി ചാടി പോയിരുന്നു. നാട്ടുകാരാണ് ഈ രോഗിയെ പിടികൂടി തിരികെ എത്തിച്ചത്. ഇയാളാണ് ഇന്നലെ രാവിലെ വാർഡിനുള്ളിൽ തൂങ്ങി മരിച്ചത്. വൈകുന്നേരം ഇതേ വാർഡിൽ തന്നെ മറ്റൊരു രോഗിയും തൂങ്ങിമരിച്ചു. ഇതോടെയാണ് അന്വേഷണത്തിൽ ആരോഗ്യമന്ത്രി ഉത്തരവിട്ടത്.