തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ സ്‌പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ നാളെ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിരുന്നു. രണ്ടു തവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകിയത്.
നിയമസഭയുടെ മേൽ വിലാസത്തിലാണ് ആദ്യ തവണ നോട്ടീസ് നൽകിയത്. തുടർന്ന് സ്‌പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ മുൻകൂർ അനുമതി വാങ്ങാണമെന്ന് ചൂണ്ടിക്കാട്ടി നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചു. നിയമസഭ റൂളിംഗിലെ 165-ാം ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പിന്നാലെ കെ. അയ്യപ്പൻ്റെ വീട്ടുവിലാസത്തിലേക്ക് നോട്ടീസ് നൽകുകയായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭ ചട്ടങ്ങൾ എന്ന് ചൂണ്ടിക്കാട്ടി കടുത്ത ഭാഷയിൽ നിയമസഭ സെക്രട്ടറിക്ക് കസ്റ്റംസ് മറുപടി നൽകിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അയ്യപ്പൻ്റെ തിരുമാനം. അതേ സമയം നാളെ നിയമസഭ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് സർക്കാരിനും സ്‌പീക്കർക്കും തിരിച്ചടിയാകും.