തിരുവനന്തപുരം: ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്ട്രോങ്ങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍. ഇത്തരത്തിൽ ലഭിക്കുന്ന സ്വർണം സ്ട്രോങ്ങ് റൂമിൽ എത്തിക്കുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ദേവസ്വം കമ്മിഷണറുടെയും തിരുവാഭരണ കമ്മിഷണറുടെയും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഴ്‌ച സംഭവിച്ചതായി തിരുവാഭരണം കമ്മിഷണർ : ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണം 40 ദിവസം വൈകിയാണ് സ്ട്രോങ്ങ് റൂമിൽ എത്തിച്ചത്. ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലാണ് ശബരിമലയിലെ സ്വർണം എത്തിക്കുന്നത്. എന്നാൽ, ഇതിൽ വീഴ്‌ച വന്നതായി തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരുന്നു.
മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് അടയ്ക്കുന്നത് വരെയുള്ള സമയത്ത് ലഭിച്ച സ്വർണമാണ് മാറ്റുന്നതിൽ വീഴ്‌ച വന്നിരിക്കുന്നത്. സാധാരണ ഒരാഴ്‌ചയ്ക്കുള്ളിൽ ഇത്തരത്തിൽ ലഭിക്കുന്ന സ്വർണങ്ങളെല്ലാം സ്ട്രോങ്ങ് റൂമിൽ എത്തിക്കുന്നതായിരുന്നു ദേവസ്വം ബോർഡിൽ സ്വീകരിച്ചിരുന്ന പതിവ്. എന്നാൽ, ഇത്തവണ അതിൽ വീഴ്‌ച വന്നിരുന്നു. ഇത് പരിശോധിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നിർദേശവും നൽകിയിട്ടുണ്ട്.
മാധവ മുദ്ര സാഹിത്യ പുരസ്‌കാരം: അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മാധവ മുദ്ര സാഹിത്യ പുരസ്‌കാരം വി മധുസൂദനൻ നായർക്കും ആലങ്കോട് ലീലാകൃഷ്‌ണനും സമ്മാനിക്കും. 2021 ലെ പുരസ്‌കാരമാണ് വി മധുസൂദനൻ നായർക്ക് നൽകുന്നത്. 2022ലെ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്‌ണനും സമ്മാനിക്കും.
കൊവിഡിനെ തുടർന്നാണ് കഴിഞ്ഞ വർഷം അവാർഡ് പ്രഖ്യാപനം ഉണ്ടാകാതിരുന്നത്. കവി പ്രഭാവർമ്മ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്. ഡോക്‌ടർ നടുവട്ടം ഗോപാലകൃഷ്‌ണൻ എ ജി ഒലീന എന്നിവർ ജൂറിയിൽ അംഗങ്ങളായിരുന്നു.
കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം തങ്ങളുടെ കവിതകളിലൂടെ ഉയർത്തിക്കാട്ടിയതിനും സമഗ്രമായ സംഭാവനയും മുൻനിർത്തിയാണ് ഇരുവർക്കും പുരസ്‌കാരം നൽകുന്നത്. 25,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ മാർച്ച് 18ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
മാധവ പണിക്കരുടെ പേരില്‍ പുരസ്‌കാരം എന്തിന്?: കണ്ണശ്ശ രാമായണം അടക്കമുള്ള ഒട്ടേറെ കൃതികള്‍ മലയാള സാഹിത്യത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കണ്ണശ്ശ കവികളില്‍ പ്രധാനിയും ഭാഷ ഭഗവത്‌ഗീത എഴുതിയ അധ്യാത്മിക കവിയുമായ മാധവ പണിക്കര്‍ മലയിന്‍കീഴ് ക്ഷേത്രത്തിനടുത്താണ് താമസിച്ചിരുന്നത്. നിരണം കവികളില്‍ ഉള്‍പെട്ട വ്യക്തി എന്ന പേരിലും മാധവ പണിക്കര്‍ അറിയപ്പെടുന്നു.
മലയിന്‍കീഴ് ക്ഷേത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ക്ഷേത്രത്തിലെ ഭക്തരില്‍ പ്രധാനിയുമായിരുന്നു മാധവപണിക്കര്‍. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഏക സാഹിത്യ പുരസ്‌കാരമാണ് മലയിൻകീഴ് മാധവ കവിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മലയാള സാഹിത്യത്തിലും മറ്റ് സാഹിത്യ ശാഖകളിലും വ്യക്തിമുദ്ര പതിപിച്ചിട്ടുള്ള മഹത് വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.
also read: video: ഗോകുൽ ജേതാവ്, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആനയോട്ടതോടെ തുടക്കം