തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് നിയോഗിച്ച ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ജൂനിയർ ഡോക്ടർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിപിഇ കിറ്റ് ധരിച്ച് ദുരിതങ്ങൾ വിശദീകരിച്ചുള്ള വീഡിയോ ജൂനിയർ ഡോക്ടർമാരുടെ സംഘടന ഫേസ്ബുക്കിൽ പങ്കുവച്ചു. രണ്ടു മാസമായി ശമ്പളം ഇല്ലാതെ കൊവിഡ് സെൻ്ററിൽ ഇവർ ജോലി എടുക്കുകയാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെൻ്ററുകളിലുമായി ആയിരത്തിലധികം ഡോക്ടർമാരെ ആണ് ഇത്തരത്തിൽ നിയമിച്ചിരിക്കുന്നത്. ഫസ്റ്റ് എന്തെന്നോ വേതനം എത്രയെന്നോ എന്ന് തരുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നാണ് ജൂനിയർ ഡോക്ടർമാർ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങി എല്ലാവർക്കും നിവേദനം നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.