തിരുവനന്തപുരം: തലസ്ഥാനത്ത് ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടി സർക്കസ് ആവേശം. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ജംബോ സർക്കസ് കാണാൻ നിരവധി പേരാണ് എത്തുന്നത്. ആഫ്രിക്കൻ താരങ്ങളുടെ അത്ഭുത പ്രകടനമാണ് കാണികളെ ആകർഷിക്കുന്നത്. ഏറെ പുതുമകളോടെയാണ് ജംബോ സർക്കസ് ഇക്കുറി തലസ്ഥാനത്തെത്തിയത്. ബൈക്ക്, സൈക്കിൾ അഭ്യാസങ്ങളും ട്രപ്പീസുമെല്ലാമുണ്ടെങ്കിലും വിദേശതാരങ്ങളുടെ അദ്ഭുത പ്രകടനമാണ് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്നത്.
വിദേശങ്ങളില്‍ നിന്നുമെത്തിയ കലാകാരന്മാരോട് കേരളത്തെ കുറിച്ച് ചോദിച്ചപ്പോൾ പറയാനുള്ളത് നല്ലത് മാത്രം. കേരളം പോലെയാണ് തങ്ങളുടെ രാജ്യമായ ടാൻസാനിയയെന്ന് അബ്ദുൾ. അവിടത്തെപ്പോലെ ഇവിടെയുമുള്ളത് നല്ല മനുഷ്യരാണെന്ന് താരം പറഞ്ഞു. പ്രളയദുഃഖത്തില്‍ മലയാളികൾക്കൊപ്പം പങ്കുചേരുന്നുവെന്നായിരുന്നു നേപ്പാളിൽ നിന്നുള്ള ഭൂഷണിന്‍റെ പ്രതികരണം. ഭാഷയും ആഘോഷവുമൊന്നും പരിചയമില്ലെങ്കിലും കേരളത്തെ ഇഷ്ടപ്പെടുന്നവരാണ് എല്ലാ താരങ്ങളും. ഓണക്കാലത്തെ തിരക്കുകൂടുന്ന ഇനിയുള്ള ദിവസങ്ങൾ മികച്ച പ്രകടനം കാണികൾക്കായി ഒരുക്കുമെന്ന് ഇവർ പറഞ്ഞു.