തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസിൻ്റെ വിടുതൽ ഹർജിയിൽ വിധി പറയുന്നത് അടുത്ത മാസം 14ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തിങ്കളാഴ്‌ച(19.09.2022) കേസിലെ ഒന്നാം പ്രതി ശ്രീറാം വിടുതൽ ഹർജി സമർപ്പിച്ചു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശ്രീറാമിന്‍റെ ശരീരത്തിൽ മദ്യത്തിൻ്റെ അംശം ഇല്ല എന്നാണ്. ആയതിനാൽ, തനിക്കെതിരെയുള്ള പൊലീസ് കേസ് നിലനിൽക്കില്ലന്നും, ഇത് ഒരു സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് എന്നാണ് ശ്രീറാമിൻ്റെ വാദം.
വിടുതൽ ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ സർക്കാരിനോട് ജഡ്‌ജി സനിൽ കുമാർ നിർദേശിച്ചു. കേസ് പരിഗണിച്ചപ്പോൾ രണ്ടാം പ്രതി വഫ കോടതിയിൽ ഉണ്ടായിരുന്നു. ഒന്നാം പ്രതി ശ്രീറാം ജോലി തിരക്ക് കാരണം ഹാജരായില്ല എന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2019 ഓഗസ്റ്റ് 3 പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്.
Also read: മദ്യപിച്ചതിന് തെളിവില്ല! ഒഴിവാക്കണമെന്ന അപേക്ഷയുമായി ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍