തിരുവനന്തപുരം: കേരള കോൺഗ്രസില്‍ രൂപപ്പെട്ട അധികാരത്തർക്കം പിളർപ്പിലേക്കും യുഡിഎഫില്‍ നിന്ന് പുറത്തേക്കും വഴി മാറിയപ്പോൾ അതിനെ രാഷ്ട്രീയ അവസരമാക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ബഹുജന പിന്തുണയുള്ള പാര്‍ട്ടിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെ.മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്. തൊട്ടുപിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവൻ കോടിയേരിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. യു.ഡി.എഫില്‍ രൂപപ്പെട്ട പ്രതിസന്ധി എല്‍.ഡി.എഫ് നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് വിഭാഗത്തെ ഒപ്പം നിർത്താനാണ് എല്‍ഡിഎഫ് ശ്രമം.
യുഡിഎഫുമായി ഉണ്ടായിരുന്ന പതിറ്റാണ്ടുകളുടെ ഹൃദയ ബന്ധം മുറിച്ചെറിഞ്ഞ ജോസ് കെ മാണിയുടെ വാക്കുകൾക്ക് കരുത്തു പകരുന്നതാണ് കോടിയേരിയുടെയും വിജയരാഘവന്‍റെയും പ്രസ്താവനകള്‍. പക്ഷേ ജോസിനായി എല്‍ഡിഎഫ് വാതില്‍ തുറക്കാൻ തുടങ്ങിയപ്പോൾ തന്നെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കളം മാറ്റി അനുനയ നീക്കങ്ങൾ ആരംഭിച്ചു. ചർച്ചകൾ അവസാനിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടിയും ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്ന് ചെന്നിത്തലയും പറഞ്ഞുവെച്ചു. പക്ഷേ തത്കാലം ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് പരസ്യമായി നീക്കം തുടങ്ങിയ സാഹചര്യത്തില്‍ ജോസിനെ തിരികെ എത്തിക്കാൻ യുഡിഎഫിന് വിലയി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നുറപ്പാണ്. അതേസമയം, ജോസിന്‍റെ വരവില്‍ എല്‍ഡിഎഫില്‍ കാര്യങ്ങൾ അത്ര സുഖകരമാകില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
നേരത്തെ കെഎം മാണിയുടെ നേതൃത്വത്തില്‍ കേരള കോൺഗ്രസ് എല്‍ഡിഎഫിലേക്ക് ചേക്കാറാൻ ശ്രമം നടത്തിയപ്പോഴും എതിർപ്പുമായി മുന്നിലുണ്ടായിരുന്നത് സിപിഐയാണ്. പക്ഷേ മദ്ധ്യതിരുവിതാംകൂറിലെ ന്യൂന പക്ഷ വോട്ട് ബാങ്ക് ചൂണ്ടിക്കാട്ടി ജോസിനെ എല്‍.ഡി.എഫിലെത്തിക്കാൻ സി.പി.എം തീരുമാനിച്ചാല്‍ സിപിഐയുടെ എതിർപ്പിന്‍റെ ശക്തികുറയും. ജോസ് പക്ഷം കൂടി എത്തിയാല്‍ ബാലകൃഷ്ണപിള്ള, സ്‌കറിയാ തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്കു പുറമേ എല്‍.ഡി.എഫിലെത്തുന്ന നാലാമത്തെ കേരള കോണ്‍ഗ്രസ് വിഭാഗമായി ജോസ് പക്ഷം മാറും.