തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ സരിത എസ് നായർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ജാമ്യാപേക്ഷയിൽ ഒന്നാം അഡീഷണൽ സെഷൻസ് കോടതി വാദം കേട്ടു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങൾക്ക് ഒരുതരത്തിലുള്ള ബന്ധവും കേസുമായി ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.
ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാതാണ് നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്. പ്രതി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ് എന്ന് സ്വയം പരിചയപെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് ആരോപിക്കുന്നു. വ്യാജ ഉത്തരവ്, ബാങ്ക് വഴി പണം നൽകിയ രേഖ, ജോലി വാഗ്‌ദാനം നൽകുന്ന ശബ്‌ദരേഖ എന്നിവയും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
സരിത.എസ്.നായർ, കുന്നത്തുകാൽ പഞ്ചയാത്ത് അംഗം ടി.രതീഷ്, പൊതുപ്രവർത്തകൻ ഷാജു എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. ഇതിനിടയിൽ സരിതയെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാൻ നീക്കം നടക്കുന്നതായും ആക്ഷേപം നിലനിൽക്കുന്നുണ്ട്.