തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ (Job Fraud Case) പൊലീസ് പ്രതി ചേർത്ത എഐഎസ്എഫ് നേതാവ് ബാസിത് താമസിച്ചത് എംഎൽഎ ഹോസ്റ്റലിലെന്ന് (MLA Hostel) മൊഴി. കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽ കുമാറിന്‍റെ (VR Sunilkumar) മുറിയിൽ താമസിച്ചതായാണ് ബാസിത് കന്‍റോൺമെന്‍റ് പൊലീസിന് മൊഴി നൽകിയത് (Basiths Statement on Scam Claims he Stayed in MLA Hostel). കേസില്‍ പരാതി നല്‍കിയ ഹരിദാസനോടൊപ്പമായിരുന്നു ബാസിത് സിപിഐ എംഎൽഎയായ സുനിൽ കുമാറിന്‍റെ മുറിയിൽ താമസിച്ചത്.
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് കോഴ നൽകിയെന്ന് ഹരിദാസനെ കൊണ്ട് പറയിപ്പിച്ചത് താനാണെന്ന് ബാസിത് നേരത്തെ തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നു. അഖിൽ മാത്യുവിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഗൂഡലോചനയുടെ മുഖ്യ സൂത്രധാരനിൽ ഒരാൾ ബാസിതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. തെളിവെടുപ്പിന്‍റെ ഭാഗമായി ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്തേക്ക് പോയതിനിടെയാണ് ബാസിത് എം എൽ എ ഹോസ്റ്റലിൽ താമസിച്ചതായി പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത് വരുന്നത്.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് തിരുവനന്തപുരത്ത് എത്തിയപ്പോൾ എം എൽ എ ഹോസ്റ്റലിൽ താമസിച്ചതായി ബാസിത് മൊഴി നൽകിയത്. ഹരിദാസന്‍റെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിദാസനിൽ നിന്നും പണം തട്ടിയെടുക്കാനാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയതെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചിരുന്നു.
പ്രതി പട്ടികയിലുള്ള ലെനിൻ രാജിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ലെനിൻ രാജിനും അഖിൽ സജീവിനും പണം നൽകാൻ ആവശ്യപ്പെട്ടത് ബാസിതാണ്. ലെനിൻ രാജ് ഉടനെ കസ്റ്റഡിയിലാകുമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് അറിയിക്കുന്നത്. അതേസമയം കേസിൽ ഹരിദാസനെ തത്കാലം സാക്ഷിയാക്കിയാൽ മതിയെന്നായിരുന്നു കന്‍റോൺമെന്‍റ് പൊലീസിന് നിയമോപദേശം ലഭിച്ചത്.