തിരുവനന്തപുരം: ദേശീയ തലത്തില്‍ എന്‍ഡിഎയുടെ (NDA) ഭാഗമായി മാറിയ ജെഡിഎസ് (JDS NDA Alliance) കേരള ഘടകത്തിന് അന്ത്യശാസനവുമായി സിപിഎം (CPM On JDS NDA Alliance). കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിയില്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ആക്രമണം കടുപ്പിച്ചതോടയാണ് സിപിഎം നീക്കം. എത്രയും വേഗം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിനെയും (Mathew T Thomas) വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും (K Krishnankutty) അറിയിച്ചു.
ജെഡിഎസ് മുന്നണിയില്‍ തുടരുന്നത് വരുന്ന ലോക്‌സഭ (Lok Sabha Election 2024) തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്‍റെ നീക്കമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ നിന്നും മാറി കേരളത്തില്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുക മാത്രമാണ് ജെഡിഎസിന് മുന്നിലുള്ള ഏകവഴി. ജെഡിഎസ് ദേശീയ ഘടകത്തില്‍ നിന്നും അടര്‍ന്നുമാറി രൂപീകൃതമാകുന്ന പാര്‍ട്ടിക്ക് പുതിയ കൊടിയും പേരും ചിഹ്നവുമൊക്കെ വേണ്ടി വരും. ഇക്കാര്യം വളരെ പെട്ടെന്ന് തീരുമാനിക്കുന്നതിനുള്ള ബുദ്ധിമുട്ട് മാത്യു ടി തോമസും മന്ത്രി കൃഷ്‌ണന്‍കുട്ടിയും സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നവംബര്‍ ഏഴിന് കൊച്ചിയില്‍ ചേരുന്ന ജെഡിഎസ് സംസ്ഥാന നേതൃയോഗത്തിലായിരിക്കും ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുക. ദേശീയ തലത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും പ്രഖ്യാപനം കേരളഘടകം അംഗീകരിക്കുന്നില്ലെന്ന് നേതാക്കാള്‍ വ്യക്തമാക്കുന്നുണ്ട്. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായി തുടരാന്‍ കേരളത്തിലെ ജെഡിഎസിനു കഴിയില്ല. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം അവവസാനിപ്പിക്കുക മാത്രമാണ് അവര്‍ക്കു മുന്നിലുള്ള ഏക മാര്‍ഗം.
അതേസമയം, വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം തങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്ത മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും നിഷേധിച്ചു. പ്രസിഡന്‍റ് എന്ന നിലയില്‍ തന്നെ ഇക്കാര്യം ആരും അറിയിച്ചിട്ടില്ലെന്ന് മാത്യു ടി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു. എല്ല കാര്യങ്ങളും നവംബര്‍ ഏഴിന് തീരുമാനിക്കും. എന്തായാലും ബിജെപിക്കൊപ്പം ജെഡിഎസ് കേരള ഘടകം ഉണ്ടാകില്ലെന്നു ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജെഡിഎസ് കേരളഘടകത്തിന് സിപിഎം അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. ജെഡിഎസ് കേരള ഘടകം ബിജെപിക്കൊപ്പമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ഒരു വ്യക്തത കുറവുമില്ല. ഇക്കാര്യത്തില്‍ ജെഡിഎസിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. കോണ്‍ഗ്രസിന്‍റെ സാമ്പത്തിക നയങ്ങളാണ് ബിജെപി തുടരുന്നത് എന്നും കെ കൃഷ്‌ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Also Read : EP Jayarajan On JDS NDA Alliance ജെഡിഎസ് എൻഡിഎ സഖ്യം : സംസ്ഥാന നേതൃത്വം എൽ ഡി എഫിനൊപ്പമെന്ന് ഇ പി ജയരാജൻ