തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. കേരളത്തിലെ 33.40 ലക്ഷം ഗ്രാമീണ വീടുകളിലേക്ക് പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കാലയളവ് തീരാന്‍ നാലര മാസം മാത്രം ബാക്കി നില്‍ക്കെയാണ് പിഡബ്ല്യൂഡിയുമായി സഹകരിച്ചുള്ള അടിയന്തര നടപടി. 2024 മാര്‍ച്ച് 31 നാണ് പദ്ധതിയുടെ കാലാവധി കഴിയുക. 2020 ഒക്ടോബറിലാണ് സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പദ്ധതി തുടങ്ങുമ്പോള്‍ 24.76 ശതമാനം ഗ്രാമീണ വീടുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ 52 ശതമാനം വീടുകളില്‍ മാത്രമാണ് പദ്ധതിയെത്തിയിരിക്കുന്നത്.
തടസം ഭൂമിയും പൈപ്പും കോണ്‍ട്രാക്‌ടേഴ്‌സും: സംസ്ഥാന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നിരവധി കാര്യങ്ങള്‍ തടസം സൃഷ്‌ടിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് പൈപ്പ് ലഭിക്കാത്തതും കണക്ഷന്‍ ഇടുന്നതിന് സ്ഥലം ലഭിക്കാത്തതുമായിരുന്നു പ്രധാന തടസമായത്. പലപ്പോഴും റോഡ് മുറിച്ച് വേണം പൈപ്പിടാന്‍. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പും പി ഡബ്ല്യൂഡിയുടെ നടപടികളും കാരണം ഇത് സാധിക്കില്ല. ഇതിന് പരിഹാരമായി നിലവില്‍ പി ഡബ്ല്യൂഡി ജലജീവന്‍ മിഷനായി പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഇത് പ്രകാരം ജലജീവന്‍ മിഷന്‍ പദ്ധതിക്കായി റോഡുകള്‍ കീറാനുള്ള തടസങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. റോഡുകള്‍ കീറുന്ന പക്ഷം അവ പുനര്‍ നിര്‍മിക്കേണ്ട ഉത്തരവാദിത്തം ജലജീവന്‍ മിഷനാണ്. സ്വകാര്യ ഭൂമി അടക്കം 400ല്‍ പരം ഭൂമികള്‍ പദ്ധതിയുടെ ഭാഗമായി വിട്ടുകിട്ടേണ്ടതുണ്ട്. ഇതില്‍ 330 സ്ഥലങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ലഭിച്ചിട്ടുണ്ട്. വെള്ളം ടാങ്കുകളിലെത്തിക്കാനുള്ള മെറ്റല്‍ പൈപ്പുകളും വലിയ പൈപ്പുകളും എത്തുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇത് യഥാസമയം ലഭിക്കാത്തതും പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ പ്രധാന കാരണമായി. കേരളത്തിന് പുറത്തു നിന്ന് കോണ്‍ട്രാക്‌ടര്‍മാരെ ക്ഷണിക്കുന്നതിനെ കുറിച്ചും വകുപ്പ് ആലോചിക്കുന്നുണ്ട്. പദ്ധതിക്കായി 40,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന പദ്ധതി വിഹിതം 50:50 എന്ന അനുപാതത്തിലാണ്.
കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍. പദ്ധതിയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. കേന്ദ്ര മാര്‍ഗ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് പ്രതിദിനം 55 ലിറ്റര്‍ വെള്ളമാണ് നല്‍കേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്‍റെ പ്രത്യേകതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് ഒരാള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ എന്ന് കണക്കാക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
നിലവില്‍ സംസ്ഥാനത്തിന് 9000 കോടി രൂപയാണ് ചെലവായിട്ടുള്ളത്. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് പുറമെ എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അംഗനവാടികളിലും ജല ലഭ്യത എത്തിച്ചിട്ടുണ്ട്. കൂടാതെ ജല ഗുണനിലവാര പരിശോധന പ്രവര്‍ത്തനങ്ങളും പദ്ധതി സഹായ പ്രവര്‍ത്തനങ്ങളും വാട്ടര്‍ അതോറിറ്റി മുഖേനെ നടത്തിവരുന്നുണ്ട്.