തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജയിൽ വകുപ്പ്. ദക്ഷിണ മേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ സ്വപ്‌നയെ ജയിലിൽ എത്തി ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും.
സ്വർണക്കടത്തിലെ ഉന്നതരുടെ പേര് വെളുപ്പെടുത്തരുതെന്ന് ജയിലിൽ എത്തി ചിലർ തന്നെ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ദക്ഷിണമേഖല ജയിൽ ഡിഐജിക്ക് ജയിൽ വകുപ്പ് മേധാവി നിർദേശം നൽകിയത്. തുടർന്ന് ഡിഐജി സ്വപ്‌നയെ പാർപ്പിച്ചിരുന്ന അട്ടക്കുളങ്ങര ജയിലിൽ എത്തി വിവരങ്ങൾ ശേഖരിക്കുകയും മറ്റു ജയിലുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.