തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും നയങ്ങൾ പരാജയമാണെന്ന വിലയിരുത്തലാണ് ഇക്കാര്യത്തിൽ ജേക്കബ് തോമസ് നൽകുന്ന വിശദീകരണം. രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ബിജെപി. വികസന കാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് കൊണ്ട് കഴിയില്ല. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മണ്ഡലം പാർട്ടി തീരുമാനിക്കുമെന്നും ജേക്കബ് തോമസ് പറയുന്നു.
അതേസമയം ജേക്കബ് തോമസിന്‍റെ സ്ഥാനാർഥിത്വത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ഒന്നര വർഷക്കാലം സസ്‌പെൻഷനിലായ ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവോടെയാണ് സർവീസിൽ തിരിച്ചെത്തിയത്. സർക്കാരിനെ വിമർശിച്ച് പുസ്തകം എഴുതിയതിന്‍റെ പേരിലായിരുന്നു അച്ചടക്ക നടപടി.
മുതിർന്ന ഡിജിപി എന്ന നിലയിൽ കേഡർ തസ്തികയായ സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ നിയമിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ പരിഗണിച്ചില്ല. സംസ്ഥാന വിജിലൻസ് മേധാവിയുടെ പദവിക്ക് തുല്യമായി മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക മാറ്റിയ ശേഷമായിരുന്നു പുതിയ നിയമനം. ഇതോടെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായാണ് ജേക്കബ് തോമസ് ഔദ്യോഗിക സർവീസിൽ നിന്ന് വിരമിച്ചത്.