തിരുവനന്തപുരം: കേരള പൊലീസിലെ ഡോഗ് സ്ക്വാഡിന്‍റെ സേവനങ്ങളിലേക്ക് ഇനി ജാക്ക് റസ്സല്‍ ടെറിയര്‍ നായകളും. ധൈര്യവും ബുദ്ധിയും ഒത്തിണങ്ങിയ നായ്‌ക്കളിലെ ഇത്തിരികുഞ്ഞന്മാര്‍ ഏത് സാഹചര്യത്തിലും ഇടുങ്ങിയ സ്ഥലത്തും കുതിച്ച് ചാടി കയറും. ലഹരി വസ്‌തുക്കള്‍ മുതല്‍ പത്തടി താഴ്‌ചയിലുള്ള ബോംബ് വരെ മണത്ത് കണ്ടെത്താനും ഇവയ്‌ക്ക് നിഷ്‌പ്രയാസം കഴിയും.
ഇംഗ്ലണ്ട് വംശജരായ നാല് ജാക്ക് ടെറിയര്‍ നായകളാണ് കേരള പൊലീസിന്‍റെ K9 സ്ക്വാഡിന്‍റെ ഭാഗമായത്. രണ്ട് മാസം പ്രായമായ രണ്ട് പെണ്‍ ബ്രീഡുകളെയും മൂന്ന് മാസം പ്രായമായ രണ്ട് ആണ്‍ ബ്രീഡുകളെയുമാണ് കേരള പൊലീസ് സ്വന്തമാക്കിയത്. 13 മുതല്‍ 16 വര്‍ഷം വരെയാണ് ഈ ഇനം നായകളുടെ ആയുസെങ്കിലും കേരള പൊലീസിന് ഇവയെ 12 വര്‍ഷം ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും.
ജാക്ക് റസ്സല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട രണ്ട് വയസുകാരനായ 'പാട്രണ്‍' എന്ന നായ ഈയടുത്ത കാലത്ത് ലോക ശ്രദ്ധ നേടിയിരുന്നു. 2022 ഫെബ്രുവരി 24ന് റഷ്യ യുക്രൈന്‍ അക്രമിച്ചതിന് ശേഷം റഷ്യ നിക്ഷേപിച്ച 200ലധികം സ്‌ഫോടന വസ്‌തുക്കള്‍ കണ്ടെത്തിയത് ഇത്തിരികുഞ്ഞനായ പാട്രണായിരുന്നു. അത്തരത്തില്‍ കണ്ടെത്തിയ സ്‌ഫോടന വസ്‌തുക്കളെല്ലാം യുക്രൈന്‍ സേനക്ക് നിര്‍വീര്യമാക്കി നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുകയും ചെയ്‌തിരുന്നു.
ഗന്ധം തിരിച്ചറിയുന്നതിന് പ്രത്യേക കഴിവുള്ള ഈ ബ്രീഡിന്‍റെ വില 35,000 മുതലാണ് തുടങ്ങുന്നത്. മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുന്ന ഇവയ്‌ക്ക് വളരം കുറച്ച് ഭക്ഷണം മാത്രം നല്‍കിയാല്‍ മതി. വില കൂടിയ ഭക്ഷണങ്ങളൊന്നും ആവശ്യവുമില്ല.
നിലവിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ എന്നിങ്ങനെ നാല് ജില്ലകളിലേക്കാണ് ഇവയെ നൽകിയിരിക്കുന്നത്. ഇന്ത്യൻ സേനയിൽ ആദ്യമായാണ് ഇത്തരം നായകളുടെ സേവനം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ മികച്ച ഡോഗ് സ്ക്വാഡുകളിലൊന്നായ k9ന് പൊലീസ് ജില്ലകളിലും മികച്ച പരിശീലനം ലഭിച്ച നായ്‌ക്കളും ഹാന്‍ഡ്‌ലര്‍മാരുമുണ്ട്. തൃശൂരിലെ എസ്‌ഡിടിഎസിലാണ് (സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂള്‍) നായകള്‍ക്കും ഹാന്‍ഡ്‌ലര്‍മാര്‍ക്കും പരിശീലനം നല്‍കുന്നത്.