തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ തെളിവെടുപ്പ് തുടങ്ങി. മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ്റെ മൊഴി, സമിതി രേഖപ്പെടുത്തി. സമിതിയുടെ സമീപനം സ്വാഗതാർഹമാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണൻ പറഞ്ഞു.
രാവിലെ പത്തു മണിയോടെയാണ് ജസ്റ്റിസ് ഡി.കെ ജയിൻ്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് ആരംഭിച്ചത്. സമിതി അധ്യക്ഷൻ ജസ്റ്റിസ് ഡി.കെ ജയിൻ, ബി കെ പ്രസാദ് എന്നിവർ ഓൺലൈനായാണ് തെളിവെടുപ്പിൽ പങ്കെടുത്തത്. മറ്റൊരംഗമായ മുൻ കേരള ചീഫ് സെക്രട്ടറി വി.എസ് സെന്തിൽ നേരിട്ടെത്തി. രണ്ടു ദിവസമാണ് സമിതിയുടെ തെളിവെടുപ്പ്. നമ്പി നാരായണനിൽ നിന്ന് മൊഴി എടുക്കുന്നത് നാളെയും തുടരും. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വാ, എസ്.വിജയൻ എന്നിവരുടെ മൊഴിയും നാളെ രേഖപ്പെടുത്തും.