തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി.
ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്.വിജയൻ ആണ് സിബിഐ മുൻ ഉദ്യോഗസ്ഥർക്കെതിരെ ഹർജി നൽകിയത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ഹർജി പരിഗണിച്ചത്.
ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ കൈക്കൂലിയായി ഭൂമി കൈമാറി എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
സിബിഐ മുൻ ഡിവൈ.എസ്.പി ഹരി വത്സൻ്റെ സഹോദരിക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്ന് ആരോപിച്ച് ഇതുസംബന്ധിച്ച രേഖകളും വിജയൻ കോടതിയിൽ ഹാജരാക്കി.
Also Read: 'താലിബാൻ ഞങ്ങളെ കൊല്ലും': കാബൂളിൽ നിന്ന് ഡൽഹിയിലെത്തിയ അഫ്‌ഗാൻ യുവതി
1994ൽ ചാരക്കേസ് സിബിഐക്ക് കൈമാറിയപ്പോൾ നമ്പി നാരായണനും മറ്റൊരു ഉദ്യോഗസ്ഥനായ ശശികുമാറിനുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അഴിമതി നിരോധന നിയമപ്രകാരം മുൻ ഡിവൈ.എസ്.പി ഹരി വത്സൻ കേസ് എടുത്തിരുന്നു. എന്നാൽ ഈ കേസും സിബിഐ എഴുതി തള്ളി എന്ന് വിജയൻ കോടതിയിൽ വാദിച്ചു.
ക്രിമിനൽചട്ട പ്രകാരം ഹർജി നിലനിൽക്കില്ലെന്ന് സിബിഐ
പ്രതിയായ ഒരാൾ എങ്ങനെയാണ് ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കുന്നതെന്നും ഹർജി ക്രിമിനൽചട്ട പ്രകാരം നിലനിൽക്കുന്നതല്ലെന്നും സിബിഐ മറുപടി നൽകി.
കേസിൽ ഈ മാസം 27ന് വിധി പറയുമെന്ന് സിബിഐ ജഡ്‌ജി സനിൽ കുമാർ അറിയിച്ചു. സിബിഐ മുൻ ഉദ്യോഗസ്ഥന്മാരായ ഡി.ഐ.ജി രാജേന്ദ്രനാഥ് കൗൾ, ഡിവൈ.എസ്.പി ഹരി വത്സൻ, തിരുവനന്തപുരം സിബിഐ യൂണിറ്റ് നിലവിലെ എസ്.പി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.