തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിച്ചതിൽ നമ്പി നാരായണന് പങ്കുണ്ടെന്ന ഹർജി കോടതി തള്ളി. ഗൂഢാലോചന കേസിലെ ഒന്നാം പ്രതി വിജയനാണ് സ്വകാര്യ ഹർജി സമർപ്പിച്ചത്. നമ്പി നാരായണനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അത് അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഖ.ആറിന്‍റേതാണ് ഉത്തരവ്.
ചാരക്കേസ് അന്വേഷിക്കുന്ന കാലത്തെ സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും തമ്മിൽ ഭൂമി ഇടപാട് നടന്നെന്നാണ് പ്രധാന ആരോപണം. 2004ൽ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നതെന്ന് വിജയൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഹർജി നിയമപരമായി നിലനിൽക്കുകയില്ല എന്നാണ് സിബിഐ കോടതിയിൽ സ്വീകരിച്ച നിലപാട്.
കൂടുതൽ വായിക്കാന്‍:ഐഎസ്ആർഒ ഗൂഢാലോചന കേസ്: സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറല്‍ ഹാജരാകും
കേരള പൊലീസ്, ഐ.ബി, സിബിഐ ഉദ്യോഗസ്ഥർ എന്നിവരെ നമ്പി നാരായണൻ സ്വാധീനിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. നമ്പി നാരായണന്‍റെ പക്കൽ അനധികൃതമായി സംബന്ധിച്ച സമ്പാദ്യം ഉണ്ടെന്നും ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത് ചാരക്കേസ് അട്ടിമറിക്കാനായിരുന്നുവെന്നുമാണ് മുൻ സി.ഐ വിജയന്‍ ആരോപിച്ചിരുന്നു.