തിരുവനന്തപുരം: ഐഎസ്ആർഒയിലെ (ISRO) വിഎസ്എസ്‌സി (VSCC) ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള പരീക്ഷ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം ഡൽഹിയിൽ എത്തി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഡൽഹിയിൽ എത്തിയത്. ഇവർ ഉടൻ തന്നെ ഹരിയാനയിലേക്ക് (Haryana) തിരിക്കും.
കേസിൽ അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹരിയാന സ്വദേശികൾക്ക് അവിടെ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം നേരത്തെ കണ്ടെത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കുന്നത്. പൊലീസ് സംഘം ഹരിയാന പൊലീസ് ഉദ്യോഗസ്ഥരെ കാണുകയും കോച്ചിങ് സെന്‍ററുകളിലടക്കം പരിശോധന നടത്തുകയും ചെയ്യും. അതേസമയം ആൾമാറാട്ടവും കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിൽ വിഎസ്എസ്‌സി ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കിയിരുന്നു.
സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷയ്‌ക്കെത്തിയ മനോജ് കുമാറുമാണ് പൊലീസ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഓഗസ്റ്റ് 20നാണ് വിഎസ്എസ്‌സിയിൽ ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷ നടന്നത്.
പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ട് എന്ന ഫോൺ സന്ദേശം ഹരിയാനയിൽ നിന്നും എത്തിയതോടെയാണ് ഹൈടെക് കോപ്പിയടി പുറത്തറിയുന്നത്. സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസ് പരീക്ഷ സെന്‍ററുകളിൽ വിവരം കൈമാറി. തുടർന്ന് കോട്ടൺഹിൽ, സെന്‍റ് മേരീസ് സ്‌കൂളുകളിൽ കോപ്പിയടി സ്ഥിരീകരിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്‌തു.
പിടിയിലായവർ ഹരിയാനയിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിന് മുൻപും ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. പട്ടം സെന്‍റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ മനോജ് കുമാറിനെ മെഡിക്കൽ കോളജ് പൊലീസും കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനെ മ്യൂസിയം പൊലീസുമാണ് അറസ്റ്റ് ചെയ്‌തത്.
ഹെഡ്‌സെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചായിരുന്നു കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ച് ചോദ്യങ്ങള്‍ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാനയിലെ സുഹൃത്തുക്കൾക്ക് അയച്ച് നല്‍കുകയും ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയുമായിരുന്നു. പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. ഇതിനായുള്ള ആസൂത്രണം നടന്നത് ഹരിയാനയില്‍ വച്ചാണെന്നാണ് പ്രാഥമിക വിവരം.
സുനിൽ 79 മാര്‍ക്കിന്‍റെ ഉത്തരങ്ങളും സുമിത് 25ലധികം മാര്‍ക്കിന്‍റെ ഉത്തരങ്ങളും എഴുതിയിരുന്നു. ഓഗസ്റ്റ് 20നു രാവിലെയാണ് ഐഎസ്ആർഒ റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെ കോപ്പിയടി നടന്നത്. കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തില്‍ ഒരിക്കൽ കൂടി പരീക്ഷ നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു (VSSC Technician B Exam Cancelled).