തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യൂസിനെതിരെയുള്ള കൂടുതൽ തെളിവുകൾ സിബിഐ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കിയത്.
സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിച്ചപ്പോൾ പ്രതിക്കെതിരായ കേസ് നിലനിൽക്കുമോ എന്ന് കോടതി സിബിഐയോട് ആരാഞ്ഞിരുന്നു. സിബി മാത്യൂസിന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ അന്വേഷണ റിപ്പോർട്ടുകൾ കൈവശം ഉണ്ടെന്ന് സിബിഐ വാദിച്ചിരുന്നു. ഇത് അനുസരിച്ചാണ് കോടതി സിബിഐയോട് തെളിവുകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നത്.
Also Read: ഐഎസ്ആർഒ ചാരക്കേസിൽ ഉൾപ്പെട്ട മാലിദ്വീപ് വനിതകൾ ഒറ്റുകാരല്ലെന്ന് ഹൈക്കോടതി
മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, കെ.കെ.ജോഷുവ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഈ മാസം 24ന് കോടതി വിധി പറയും. ഇരു പ്രതികൾക്കും കോടതി ഇപ്പോൾ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. സിബിഐ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തിരുന്നു. മുൻ പൊലീസ് ഐ.ബി ഉദ്യോഗസ്ഥൻമാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ ദിവസം ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്. ദുർഗ ദത്ത, ആർ.ബി ശ്രീകുമാർ, റിട്ടയേർഡ് ഐബി ഓഫിസർ പി.എസ് ജയപ്രകാശ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.