തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളുടെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ തലപ്പത്തും പടലപിണക്കവും തൊഴുത്തില്‍ കുത്തും ശക്തമായിരുന്നു എന്നു തെളിയിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. അടുത്തിടെ മലയാളത്തില്‍ പുറത്തിറക്കിയ 'നിലാവു കുടിച്ച സിംഹങ്ങള്‍' (Nilavu Kudicha Simhangal) എന്ന തന്‍റെ ആത്മകഥയിലാണ് എസ് സോമനാഥ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത് (ISRO Chairmn S Somanaths Autobiography Controversy). ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ ശിവനെതിരെ (Dr K Sivan) ഗുരുതരമായ നിരവധി വെളിപ്പെടുത്തലുകള്‍ പുസ്‌തകത്തിലുണ്ട്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ പുസ്‌തകം തൽക്കാലം പിൻവലിക്കുന്നതായി എസ്.സോമനാഥ് പറഞ്ഞു. കോപ്പി പിൻവലിക്കണമെന്ന് പ്രസാധകരോട് നിർദ്ദേശിച്ചതായി എസ് സോമനാഥ് ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചു.
രാജ്യത്തെ തന്ത്ര പ്രധാനമായ ഒരു ശാസ്ത്ര സ്ഥാപനത്തിന്‍റെ തലപ്പത്തെ തമ്മിലടി പുറത്തു വന്നത് കേന്ദ്ര സര്‍ക്കാരിനു തന്നെ നാണക്കേടാകുകയും, ഒരു മുന്‍ ചെയര്‍മാനെതിരെ നിലവിലെ ചെയര്‍മാന്‍ രംഗത്തു വന്നത് ശരിയായില്ലെന്ന വിലയിരുത്തലുണ്ടാകുകയും ചെയ്‌ത സാഹചര്യത്തിലാണ് പുസ്‌തകം പിന്‍വലിക്കാന്‍ ഡോ. എസ് സോമനാഥ് പ്രസാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെ പുസ്‌തകം പ്രസിദ്ധീകരിച്ച ലിപി പബ്‌ളിക്കേഷന്‍സ് (Lipi Publications) പുസ്‌തകം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇപ്പോള്‍ നടന്നു വരുന്ന ഷാര്‍ജാ ബുക്ക് ഫെസ്റ്റിവല്‍ നാളെ (നവംബര്‍ 5) നടത്താനിരുന്ന പുസ്‌തക പ്രകാശന ചടങ്ങ് റദ്ദാക്കിയതായും എസ് സോമനാഥ് ഇ ടിവി ഭാരതിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് നവംബര്‍ 1ന് ആരംഭിച്ച നിയമസഭാ പുസ്‌തക മേളയിലുള്‍പ്പെടെ ഈ പുസ്‌തകം വിറ്റുവരുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. സാധാരണയായി സ്ഥാനമൊഴിഞ്ഞ ശേഷമാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ പലരും നടത്താറുള്ളതെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് മുന്‍ ചെയര്‍മാനെതിരെ നടത്തിയ കുറ്റപ്പെടുത്തലും പരാജയപ്പെട്ട ചന്ദ്രയാന്‍ 2 നെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അനുചിതമായി എന്ന അഭിപ്രായം പലരും സോമനാഥുമായി പങ്കുവച്ചു. ഇതോടെയാണ് പൊടുന്നനെ പുസ്‌തകം പിന്‍വലിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്നാണ് സൂചന.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തു താന്‍ വരുന്നത് തടയാന്‍ വിരമിച്ച ശേഷവും ചെയര്‍മാന്‍ സ്ഥാനം നീട്ടിയെടുക്കാന്‍ അന്നത്തെ ചെയര്‍മാന്‍ ഡോ. ശിവന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്‍റെ പുസ്‌തകത്തിലുണ്ട്. താന്‍ വിഎസ്എസ്‌സി ഡയറക്‌ടറാകുന്നത് തടയാനും ഡോ.ശിവന്‍ ശ്രമിച്ചു. ധൃതിപിടിച്ചു വിക്ഷേപണം നടത്തിയതു കൊണ്ടാണ് ഡോ.ശിവന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ നടത്തിയ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെടാന്‍ കാരണം. നിർണായക പരിപാടികളിൽ നിന്ന് തന്നെ അകറ്റി നിർത്തിയെന്നും പുസ്‌തകത്തില്‍ സോമനാഥ് പറയുന്നു.
2018ല്‍ കിരണ്‍കുമാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറുന്ന സമയത്ത് ഡോ.ശിവനൊപ്പം ചെയര്‍മാന്‍ സ്ഥാനത്ത് മത്സരാര്‍ത്ഥിയായി തന്‍റെ പേരുമുണ്ടായിരുന്നു. അന്ന് ചെയർമാൻ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിരമിക്കല്‍ പ്രായമായ 60 വയസു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടര്‍ന്നിരുന്ന ശിവനാണ് നറുക്കു വീണത്. ഐഎസ്ആര്‍ഒ ചെയര്‍മാനായതിനു ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്‌ടർ സ്ഥാനം കൈവശം വച്ചു. ന്യായമായി തനിക്കു കിട്ടേണ്ട ആ തസ്‌തികയ്ക്കായി നേരിട്ടു കണ്ടു ചോദിക്കേണ്ടിവന്നു. എന്നാല്‍ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്‌ടർ ഡോ. ബി എൻ സുരേഷ് ഇടപെട്ടതോടെയാണ് 6 മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്‌ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് ആത്മകഥയില്‍ പറയുന്നു.
"ആളുകൾ പരസ്‌പരം അംഗീകരിക്കാൻ വിമുഖത കാണിക്കുന്നതെന്തിനാണെന്ന് ആലോചിക്കുമ്പോൾ പലപ്പോഴും ഉത്തരമെന്നോണം ഒരു നനുത്ത കാറ്റു വീശുമായിരുന്നു. ആ കാറ്റിലും കരിന്തിരികൾ കെടുമായിരുന്നു എന്നതാണ് സത്യം. കൊടുങ്കാറ്റുകൾക്കു മാത്രമല്ല ഇലച്ചാർത്തുകൾക്കുള്ളിൽ പതുങ്ങിയിരിക്കുന്ന ഇളം കാറ്റുകൾക്കും വിധിയിലിടപെടാനാവുമെന്ന് ഞാൻ ആദ്യമായി പഠിക്കുകയായിരുന്നു." സോമനാഥ് എഴുതി.
3 വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം ചെയര്‍മാന്‍റെ കാലാവധി നീട്ടിയെടുക്കാൻ ഡോ.ശിവൻ ശ്രമിച്ചു. അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യു.ആർ.റാവു സ്പേസ് സെന്‍ററിന്‍റെ ഡയറക്‌ടറെ സ്പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് തനിക്കു ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്ന് തോന്നുന്നതായും സോമനാഥ് പുസ്‌തകത്തില്‍ വെളിപ്പെടുത്തി.
വേണ്ടത്ര അവലോകനങ്ങളും പരീക്ഷണങ്ങളും കൂടിയാലോചനകളും നടത്താതെ ധൃതിപിടിച്ചു വിക്ഷേപണം നടത്തിയതു കൊണ്ടാണ് ഡോ.ശിവന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ നടത്തിയ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നും പുസ്‌കതത്തില്‍ സോമനാഥ് പറയുന്നു. ചന്ദ്രയാന്‍ 2 ന്‍റെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് ചെയര്‍മാന്‍ നേരിട്ടായിരുന്നു. ഇതിന്‍റെ വിക്ഷേപണ ഘട്ടത്തിനു മുന്‍പേ അത് പരാജയപ്പെടും എന്ന തോന്നലുണ്ടായിരുന്നെന്നും ആത്മകഥയിലുണ്ട്.
2018 ജനുവരി 15നാണ് താന്‍ വിഎസ്എസ്‌സി ഡയറക്‌ടറായത്. ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണത്തിന് ശേഷം 40 ദിവസം കഴിഞ്ഞ് ചന്ദ്രനില്‍ മൊഡ്യൂള്‍ ചെന്നിറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരില്‍ നിന്നും തന്നെ ഒഴിവാക്കിക്കൊണ്ട് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചെന്നും ആത്മകഥയില്‍ എസ് സോമനാഥ് വെളിപ്പെടുത്തുന്നു.