തിരുവനന്തപുരം: ചാരക്കേസിൽ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ് നമ്പി നാരായണൻ ഫയൽ ചെയ്‌ത മാനനഷ്‌ട കേസ് അവസാനിപ്പിച്ച സബ്കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ പുന:പരിശോധന ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. ഒന്നാം അഡീഷണൽ സബ്കോടതിയുടേതാണ് ഉത്തരവ്. മുൻ പൊലീസ് മേധാവികളായ സിബി മാത്യു, ടിപി സെൻകുമാർ, വിജിലൻസ് മുൻ ഡിവൈഎസ്‌പി ജോഗേഷ്, ഇന്‍റലിജൻസ് ബ്യൂറോ മുൻ മേധാവികളായ മാത്യു ജോൺ, ആർബി ശ്രീകുമാർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നമ്പി നാരായണൻ എന്നിവരെയാണ് സംസ്ഥാന സർക്കാർ എതിർകക്ഷികളായി ചേർത്തിരിക്കുന്നത്. മാനനഷ്‌ട കേസ് പിൻവലിച്ചപ്പോൾ ഈ ഉദ്യോഗസ്ഥരിൽ നിന്നും നഷ്‌ടപരിഹാര തുക ഈടാക്കേണ്ട എന്ന സബ് കോടതി ഉത്തരവ് പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.
2003ൽ നമ്പി നാരായണൻ സബ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തപ്പോൾ സംസ്ഥാന സർക്കാർ, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എഡിജിപി, വഞ്ചിയൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ, മുൻ പൊലീസ് മേധാവികളായ സിബി മാത്യു, സെൻകുമാർ, സിഐഎസ് വിജയൻ, മുൻ വിജിലൻസ് ഡിവൈഎസ്‌പി ജോഗേഷ്, മുൻ ഐബി ഉദ്യോഗസ്ഥൻമാരായ മാത്യു ജോൺ, ആർബി ശ്രീകുമാർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരായിരുന്നു എതിർകക്ഷികൾ. ഈ 13 എതിർകക്ഷികളിൽ നിന്നും പത്ത് ലക്ഷം രൂപ വീതം കണ്ടെത്തി നൽകാം എന്നായിരുന്നു നമ്പി നാരായണനുമായി നടന്ന ഒത്ത് തീർപ്പ് ചർച്ചയിൽ ധാരണയായിരുന്നത്. എന്നാൽ സബ്കോടതിയുടെ ഉത്തരവ് പ്രകാരം സർക്കാർ ഒറ്റക്ക് നഷ്‌ടപരിഹാര തുക നമ്പി നാരായണന് നൽകണമെന്നായി. ഇതിനെതിരെയാണ് സർക്കാർ കോടതിയിൽ പുനപരിശോധന ഹർജി നൽകിയത്.