തിരുവനന്തപുരം: ഐഎസ് റിക്രൂട്ടമെന്‍റ് കേസിൽ മൂന്ന് മലയാളികളെ കൂടി പ്രതി ചേർത്ത് ദേശീയ അന്വേഷണ ഏജൻസി. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസർകോട് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്. ഐഎസിനെ ഇന്ത്യയിൽ ശക്തിപ്പെടുത്താൻ വേണ്ടി പരിശ്രമം നടത്തിയെന്നും സിറിയയിൽ ഐഎസിൽ ചേർന്ന് അബ്ദുള്‍ റാഷിദുമായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എൻഐഎ വ്യക്തമാക്കി.
ശ്രീലങ്കൻ സ്ഫോടന പരമ്പരയിലെ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ 65ൽ അധികം മലയാളികൾ നിരീക്ഷത്തിലാണെന്ന് സൂചന. റിയാസ് അബൂബക്കറിന് വേണ്ടി അഡ്വ ബിഎ ആളൂർ ഇന്ന് കോടതിയില്‍ ഹാജരാകും.