തിരുവനന്തപുരം : സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യുഎഇയിലെ അജ്‌മാനില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ 10 ഇന്ത്യക്കാരുള്‍പ്പെടെ 11 പേരെ ഇറാന്‍ നാവിക സേന കസ്റ്റഡിയിലെടുത്തു. ജൂണ്‍ 18ന് വൈകുന്നേരം അജ്‌മാനില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പുറപ്പെട്ട സംഘത്തെയാണ് ഇറാന്‍ നാവിക സേന കസ്റ്റഡിയിലെടുത്ത്. ജയിലിലടച്ചതായി ജൂണ്‍ 19നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോര്‍ജ് (54), അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ആരോഗ്യരാജ്(43), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകം സ്വദശി ഡെന്നിസണ്‍ പൗലോസ്(48), അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണല്‍ പുരയിടത്തില്‍ എല്‍.ഡിക്‌സണ്‍(46), അഞ്ചുതെങ്ങ് കായിക്കര അയ്യപ്പാന്‍തോട്ടം സ്വദേശി സ്റ്റാന്‍ലി(43) എന്നിവരാണ് കസ്റ്റഡിയിലായ അഞ്ചുതെങ്ങ് സ്വദശികള്‍. ഇവര്‍ക്കു പുറമേ കൊല്ലം പരവൂര്‍ സ്വദേശികളായ രണ്ടു മത്സ്യ തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളായ മൂന്ന് മത്സ്യ തൊഴിലാളികളും കസ്റ്റഡിയിലായതായി വിവരമുണ്ട്. വള്ളം ഉടമയായ അബ്‌ദുള്‍ റഹ്മാന്‍ എന്ന അറബിയും ഇറാന്‍റെ കസ്റ്റഡിയിലുണ്ട്.
Also Read: മറിയാമ്മ കൊലക്കേസ്: ശിക്ഷ വിധിച്ചതിന് പിന്നാലെ മുങ്ങിയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ
ഈ സംഘം ഇറാന്‍ പൊലീസിന്‍റെ കസ്റ്റഡിയിലായ വിവരം ജൂണ്‍ 19ന് വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും മറ്റ് കൂടുതല്‍ വിവരങ്ങളോ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളോ ലഭിച്ചില്ല. ഇന്ന് രാവിലെ കസ്റ്റഡിയിലുള്ള അഞ്ചുതെങ്ങ് സ്വദേശി സാജു ജോര്‍ജ് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയും അടിയന്തരമായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കസ്റ്റഡിയിലായ അഞ്ചുതെങ്ങ് സ്വദേശികളുടെ ഭാര്യമാര്‍ ഒപ്പിട്ട സംയുക്ത നിവേദനം മുഖ്യമന്ത്രിക്കു നല്‍കി.
ഇറാനില്‍ പിടിയിലായ സാജുവിന്‍റെ ഭാര്യ ആഗ്നസ്, ആരോഗ്യരാജിന്‍റെ ഭാര്യ ജയരാജ്, ടെന്നിസന്‍റെ ഭാര്യ റ്റെല്‍ മഡെന്‍സണ്‍, സ്റ്റാന്‍ലിയുടെ ഭാര്യ അനിത, ഡിക്‌സന്‍റെ ഭാര്യ ഷീജ എന്നിവരാണ് സംയുക്ത നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ മത്സ്യബന്ധന വിസയിലാണ് കഴിയുന്നതെന്നും അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നതിനാണ് അന്യനാട്ടില്‍ മത്സ്യബന്ധനത്തില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഇവര്‍ പറയുന്നു.
ഇവര്‍ ഇറാന്‍ ജയിലിലാണെന്ന വിവരം അറിഞ്ഞ 19ന് അഹമ്മദ് സാദ് എന്ന അറബിയുമായി ബന്ധപ്പെട്ടപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെന്നും രണ്ടു ദിവസത്തിനകം ജയില്‍ മോചിതരാകുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഇവരെ കുറിച്ച് വിവരമൊന്നുമില്ലെന്നും ഇവരുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്നും നിവേദനത്തില്‍ ജയിലിലുള്ളവരുടെ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
Also Read: K Sudhakaran| 'സ്‌കൂൾ ഏറ്റെടുക്കാൻ പിരിവ് നടത്തി പണം തട്ടി'; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം