തിരുവനന്തപുരം: ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം പുറത്തിറക്കി. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ സിനിമയോടുള്ള വൈകാരികതയാണ് ചിത്രത്തിൻ്റെ പ്രമേയം. സുഷിൻ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
രാജ്യാന്തര ചലച്ചിത്രമേളക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് ആൻ്റിജൻ പരിശോധന ഇന്നും തുടരും. ആദ്യദിനം 700 ഓളം പേർക്ക് പരിശോധന നടത്തി. ടാഗോർ തിയേറ്ററിൽ നാല് കൗണ്ടറുകളിലായാണ് പരിശോധന. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികൾക്കും ഇവിടെ പരിശോധന നടത്താം. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് പരിശോധന. ലാബുകളിലും ആശുപത്രികളിലും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം.