തിരുവനന്തപുരം : വിമാനത്തിലെത്തി മോഷണം നടത്തിയതിന് ശേഷം വിമാനത്തിൽ തിരിച്ചു മടങ്ങുന്ന അന്തർ സംസ്ഥാന മോഷ്‌ടാവ് പിടിയിൽ. തെലങ്കാന സ്വദേശി സംപതി ഉമാ പ്രസാദ് (23) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പൊലീസിന്‍റെ പിടിയിലാകുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
വിമാനമാർഗം വിവിധ സംസ്ഥാനങ്ങളിൽ എത്തി മോഷണം നടത്തിയതിന് ശേഷം വിമാനത്തിൽ തന്നെ തിരിച്ച് മടങ്ങുന്നതാണ് ഇയാളുടെ രീതി. പേട്ടയിലെ വീട് കുത്തിത്തുറന്ന് 52 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്‌ടിച്ച കേസിലും, ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എഴുപതിനായിരം രൂപ വില വരുന്ന ഡയമണ്ട് മോഷണക്കേസിലും 27000 രൂപ വില വരുന്ന സ്വർണം മോഷ്‌ടിച്ച കേസിലും ഇയാൾ പ്രതിയാണ്.
വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച ശേഷം വിമാന മാർഗം നാട് വിടുന്നതാണ് ഇയാളുടെ രീതിയെന്ന് ജില്ല പൊലീസ് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. സമാന രീതിയിൽ ഇയാൾ മറ്റ് സംസ്ഥാനങ്ങളിൽ മോഷണങ്ങൾ നടത്തി മുങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
പിടിയിലായത് പേട്ടയിലെ മോഷണത്തിന് പിന്നാലെ : പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂലവിളാകം ഭാഗത്ത് നടത്തിയ മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. ഓട്ടോറിക്ഷ ഡ്രൈവർമാർ അന്വേഷണത്തിൽ പൊലീസിനെ വലിയ രീതിയിൽ സഹായിച്ചു. ഇയാൾ താമസിച്ച ഹോട്ടൽ മുറികളിലും പൊലീസ് സംഘം അന്വേഷണത്തിന് എത്തിയിരുന്നു.
ഹോട്ടൽ മുറികളിൽ നിന്നുമാണ് ഇയാളുടെ തിരിച്ചറിയൽ രേഖകൾ പൊലീസിന് ലഭിക്കുന്നത്. തെലങ്കാനയിലെ ഖമ്മം നഗരത്തിലാണ് ഉമാ പ്രസാദിന്‍റെ സ്വദേശം. ഖമത്തെ പൊലീസ് സ്റ്റേഷനിൽ ഇയാൾ കുറച്ച് നാൾ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്നു. ഇവിടെ നിന്നും പൊലീസിന്‍റെ പ്രവർത്തന രീതികൾ കണ്ട് മനസിലാക്കിയാണ് മോഷണങ്ങൾ ആസൂത്രണം ചെയ്‌തിരുന്നത്.
മോഷ്‌ടിച്ച പണത്തിൽ കറക്കം : പലയിടത്ത് നിന്നും മോഷണം നടത്തി ശേഖരിക്കുന്ന സ്വർണം തെലങ്കാനയിലെ ഖമ്മത്ത് തന്നെ പണയം വച്ചതിന് ശേഷം ആ തുക കൊണ്ട് വിനോദ സഞ്ചാരം നടത്തുന്നതാണ് ഇയാളുടെ രീതി. തെരഞ്ഞെടുത്ത വീടുകൾക്ക് സമീപം മോഷണത്തിന് ആവശ്യമായ ഉപകരണങ്ങളുമായി കാത്തുനിൽക്കുന്ന ഇയാൾ വീട്ടുകാർ പോയതിന് ശേഷം വീട്ടിൽ കയറി മോഷണം നടത്തുന്നു.
20 വയസിന് മുൻപ് പ്രതി എവറസ്റ്റ് കയറാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും പിന്നീടാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു. മെയ് 28ന് തിരുവനന്തപുരത്ത് എത്തിയ ഉമാ പ്രസാദ വേളി ടൂറിസ്റ്റ് വില്ലജ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ജൂൺ 2 ന് മടങ്ങിയിരുന്നു.
തുടർന്ന് ജൂൺ 6 ന് വീണ്ടും തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് പേട്ട, ഫോർട്ട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വീടുകളിൽ മോഷണം നടത്തുന്നത്. തുടർന്ന് ജൂലൈ 1 ന് വിമാന മാർഗം സംസ്ഥാനം വിട്ടു. ജൂലൈ അഞ്ചിന് വീണ്ടും ഇയാൾ ജില്ലയിലേക്ക് വിമാനമാർഗം എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട് ടിക്കറ്റ് എടുത്തതായി സ്ഥിരീകരിച്ചതിന് ശേഷമാണ് ഷാഡോ പോലീസ് ഉൾപ്പെട്ട അന്വേഷണ സംഘം പ്രതിയെ പിടികൂടുന്നത്.