തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന റേഷന്‍ വ്യാപാരികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം സഫലമാകുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴ് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച് നിരവധി റേഷന്‍ വ്യാപാരികള്‍ മരിച്ചപ്പോള്‍ ഈ ആവശ്യം വ്യാപാരികള്‍ ശക്തമായി ഉന്നയിച്ചിരുന്നു.
റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് പുതുതായി ചുമതലയേറ്റയുടന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും വ്യക്തമാക്കിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഭക്ഷ്യമന്ത്രിയാണ് ഇതു സംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്.
പാമ്പ് കടിയേറ്റ് മരിച്ച അർഷാദ് കുടുംബത്തിന് സഹായം
അതേസമയം തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അര്‍ഷാദിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും 20 ലക്ഷം രൂപയുടെ ധനസഹായവും നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 18 വയസുവരെ മക്കളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഓണക്കാലത്ത് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
ശിവശങ്കർ വിഷയത്തിൽ തീരുമാനം വൈകും
സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാകുന്ന എം.ശിവശങ്കറിന്‍റെ കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. ജൂലൈ 16നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നത്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്: ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ മടക്കി അയച്ചു