തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട മരണ നിരക്കിൽ കുറവ് വന്നതിനാൽ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. വിവിധ ഇൻഷുറൻസ് കമ്പനി മേധാവികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം, കേരളത്തിൽ 33% വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റെ കണക്ക്. ഇരുചക്ര വാഹനങ്ങളാണ് ഇതിൽ കൂടുതൽ. രാജ്യത്തെ ആകെ വാഹനങ്ങളുടെ 52 ശതമാനവും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നുമാണ് കണക്കുകൾ.
സർക്കാരിന്‍റെ ശുപാർശ പരിഗണിക്കാമെന്ന് കമ്പനികള്‍ മന്ത്രി ആന്‍റണി രാജുവിന് ഉറപ്പുകൊടുത്തു. തിരുവനന്തപുരത്ത് ജി ഐ കൗൺസിൽ സെക്രട്ടറി ജനറൽ ഇന്ത്രജീത് സിങ് മറ്റ് ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണ.
ഇതിന് പുറമെ നിയമ ലംഘനങ്ങൾ ഇല്ലാതെ കൃത്യമായി നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനും, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാടിന്‍റെ കോസ്റ്റ് ഷെയറിങ്, ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയും ആയി സംയുക്തമായി ചേർന്ന് നിയമ ലംഘനമുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാതിരിക്കുക, ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോൺട്രാക്‌ടിലും ഏർപ്പെടാതിരിക്കുക എന്നീ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഷുറൻസ് കമ്പനികളുമായി തുടർന്നും ചർച്ചകൾ നടത്തും. ഐ ആർ ഡി ഐ നോമിനേറ്റ് ചെയ്‌ത മാഗ്മ എച്ച് ഡി ഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മറ്റ് ഇൻഷുറൻസ് കമ്പനികളുമായും സർക്കാരുമായും ചേർന്ന് ഇതിന്റെ വളർച്ച വിലയിരുത്തുമെന്നും അറിയിച്ചു.