ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും സമൂഹത്തില്‍ ഭ്രഷ്ട് നേരിടുകയാണെന്ന് അഭിഭാഷകയായ ഇന്ദിരാ ജയ്സിങ് സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല വിഷയത്തില്‍ വിവിധ ഹര്‍ജികള്‍ കേള്‍ക്കുന്നതിനിടെയാണ് ഇരുവര്‍ക്കും വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ് ഇക്കാര്യം പറഞ്ഞത്.
തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുര്‍ഗക്കും വധഭീഷണിയുണ്ടെന്നും ഇന്ദിരാ ജയ്സിങ് കോടതിയെ അറിയിച്ചു. സമൂഹത്തില്‍ തൊട്ടുകൂടായ്മയുണ്ട് എന്നതിന് തെളിവാണ് സ്ത്രീ പ്രവേശനത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത്. സമൂഹത്തില്‍ തൊട്ടുകൂടായ്മയില്ല എന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്.
ശബരിമല പൊതു ക്ഷേത്രമാണ്. ഒരു കുടുംബത്തിൻ്റെയും സ്വത്തല്ല. യുവതീ പ്രവേശന വിലക്ക് വിവേചനമാണ്. ദൈവത്തിന് ലിംഗവിവേചനമില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ദൈവം. സ്ത്രീകളും വ്യക്തികളാണ്. സ്ത്രീകളെ വേദനിപ്പിക്കുന്നതാണ് ശുദ്ധിക്രിയ. ശുദ്ധിക്രിയ ഭരണത്തിനേറ്റ മുറിവാണെന്നും ഇന്ദിരാ ജയ്സിങ് വ്യക്തമാക്കി.