തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് (Indian Cricket Team At Tvm) ആവേശോജ്വല വരവേൽപ്പ്. ഗുവാഹത്തിയിൽ നിന്ന് വിസ്‌താര 6605 നമ്പർ വിമാനത്തിൽ പുറപ്പെട്ട താരങ്ങൾ 4.28നാണ് തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ (Trivandrum Domestic Airport ) എത്തിയത്. താരങ്ങൾ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ വിമാനത്താവളത്തിൽ ആരാധകർ തടിച്ചുകൂടിയിരുന്നു.
ഇഷ്‌ടതാരങ്ങളെ ആർപ്പുവിളിയോടെയാണ് ആരാധകർ സ്വീകരിച്ചത്. ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ, കുൽദീപ് യാദവ്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ അടക്കമുള്ള താരങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. അതേസമയം സംഘത്തിനൊപ്പം വിരാട് കോലി ഉണ്ടായിരുന്നില്ല. കോവളം ലീല ഹോട്ടലിലാണ് ഇന്ത്യൻ ടീമിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. പൊലീസ് അകമ്പടിയോടെയാണ് താരങ്ങൾ ഹോട്ടലിലേക്ക് പോയത്.
ആശങ്കയായി മഴ : ഒക്ടോബർ മൂന്നിന് നെതർലൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരം (India - Netherlands Warm-up Match). മത്സരത്തിന് മുന്നോടിയായി ഒക്‌ടോബർ രണ്ടിന് ഇന്ത്യ ഉച്ചയ്‌ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് (St. Xavier's College Thumba) ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന സന്നാഹ മത്സരങ്ങൾ നടത്താനാകുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.
മത്സരക്രമം : ഒക്‌ടോബർ രണ്ടിനാണ് ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സന്നാഹ മത്സരം നടക്കാനിരിക്കുന്നത്. ശക്തമായ മഴ മൂലം സെപ്‌റ്റംബർ 29ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. ഒക്‌ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. 10 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് ഈ മത്സരം നടക്കുക. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്‌ടോബര്‍ 14ന് അഹമ്മദാബാദില്‍ തന്നെയാണ് അരങ്ങേറുക. അതേസമയം ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഈ മത്സരം.
Also Read : Cricket World Cup 2023 : അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ കിട്ടിയില്ല ; ഓസീസിന്‍റെ ആ നീക്കം പാളി