തിരുവനന്തപുരം : 1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന വിജയ ദീപശിഖ പ്രയാണം തിരുവനന്തപുരത്ത്. യുദ്ധ വിജയത്തിന്‍റെ സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് ദീപശിഖ പ്രയാണം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിന്‍റെ നിത്യ ജ്വാലയിൽ നിന്നും ദീപശിഖയിലേക്ക് അഗ്നി പകർന്നത്.
2,500 കിലോമീറ്ററുകളിലേറെ സഞ്ചരിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയാണ് ദീപശിഖ പ്രയാണം തിരുവനന്തപുരത്ത് എത്തിയത്. അന്ന് യുദ്ധത്തിൽ പങ്കെടുത്തിരുന്ന വീർചക്ര ബഹുമതി നേടിയ ഗോപകുമാറിന്‍റെ വീട്ടിലും ദീപശിഖയെത്തി.
Also Read: 'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ കാർത്തിക് ശേശാദ്രി ദീപശിഖ ഗോപകുമാറിന്‍റെ ഭാര്യ ഗീത ഗോപകുമാറിന് കൈമാറി ആദരിച്ചു. അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്നും മണ്ണും ശേഖരിച്ചതിന് ശേഷമാണ് ദീപശിഖയുമായി സംഘം യാത്ര തുടർന്നത്. വീട്ടിൽ നിന്നും ശേഖരിച്ച മണ്ണ് ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഉപയോഗിക്കും.
കുടുംബത്തിന്‍റെ ധീരതയെയും സമർപ്പണത്തെയും അദരിച്ചുകൊണ്ട് ബ്രിഗേഡിയർ, ഗോപകുമാറിന്‍റെ ഭാര്യ ഗീത ഗോപകുമാറിന് ഉപഹാരം കൈമാറി. മേജറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്ന ഗോപകുമാർ രാമൻ പിള്ള 1982ലാണ് അന്തരിച്ചത്.